രക്ഷാദൗത്യം വിഫലം; സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു
തൃശൂര്‍ പാലപ്പള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മൂന്ന് മണിക്കൂറിലേറെ നടത്തിയ രക്ഷാപ്രവര്‍ത്തനം വിഫലമായി.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഉപയോഗശൂന്യമായി കിടന്ന സെപ്ടിക് ടാങ്കില്‍ കാട്ടാനക്കുട്ടി വീണത്. കണ്ടെത്തിയ നാട്ടുകാര്‍ വിവരം വനംവകുപ്പിനെ അറിയിച്ചു. കുട്ടിയാനയുടെ ശരീരത്തേക്ക് മണ്ണ് ഇടിഞ്ഞുവീണതിനാല്‍ എഴുന്നേല്ക്കാന് കഴിയാത്ത അവസ്ഥയിലായിരുന്നു.
ജെസിബി ഉപയോഗിച്ച് കുഴിയുടെ വീതീ കൂട്ടാന്‍ ശ്രമിച്ചു. പിന്നീട് ജെസിബിയില്‍ ചവിട്ടി കയറാന്‍ ആനയ്ക്ക് വഴിയൊരുക്കാന്‍ ശ്രമിച്ചും രക്ഷാദൗത്യം മുന്നോട്ടുപോയെങ്കിലും ഫലമുണ്ടായില്ല. പത്തുമിനിറ്റിലേറെയായി ആന അനക്കമില്ലാതെ കിടക്കുന്നത് കണ്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി സ്ഥിരീകരിച്ചത്.