ബ്രിട്ടീഷ് യുദ്ധവിമാനം കുടുങ്ങിയതോടെ കോളടിച്ച് തിരുവനന്തപുരം വിമാനത്താവളം

അറബിക്കടലില്‍ ബ്രിട്ടീഷ് സേനയുടെ സൈനികാഭ്യാസത്തിന്റെ ഭാഗമായി സൈനികാഭ്യാസത്തിനെത്തിയ എച്ച് എം എസ് പ്രിൻസ് ഓഫ് വെയില്‍സ് എന്ന ബ്രിട്ടീഷ് യുദ്ധക്കപ്പലില്‍നിന്നു പറന്നുയർന്ന എഫ്-35 ഇന്ധനക്കുറവുണ്ടായതിനെത്തുടർന്ന് കഴിഞ്ഞ ജൂണ്‍ 14-ന് രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്.
35 ദിവസത്തോളമായി വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലാണ്. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് എഫ്-35 ഇവിടെ കുടുങ്ങിയതോടെ കോളടിച്ചത് തിരുവനന്തപുരം വിമാനത്താവളത്തിനാണ്.
ജൂലായ് 6 ന്, തകരാർ പരിഹരിക്കുന്നതിനായി ബ്രിട്ടീഷ് സംഘം തിരുവനന്തപുരത്ത് എത്തി യുദ്ധവിമാനത്തെ എയർ ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റിയിരുന്നു. വിമാനത്തിന്റെ നിർമ്മാതാക്കളായ അമേരിക്കൻ കമ്ബനി ലോക്ക്ഹീഡ് മാർട്ടിന്റെയും ബ്രിട്ടീഷ് സേനയിലെ എഞ്ചിനിയർമാരുമാണ് എത്തിയത്. വിമാനത്തിന്റെ സാങ്കേതിക തകരാർ ഏകദേശം പരിഹരിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകള്‍.
യുദ്ധവിമാനം തിരുവനന്തപുരത്ത് തുടരുന്നതിനാല്‍ ബ്രിട്ടീഷ് സേന വിമാനത്താവളത്തിന് പാർക്കിംഗ് ഫീസ് നല്‍കേണ്ടതുണ്ട്. ഇപ്പോഴിതാ ഇതുവരെ പാർക്കിംഗ് ഇനത്തില്‍ വിമാനത്താവളത്തിന് ലഭിച്ച കണക്ക് പുറത്തുവന്നിരിക്കുകയാണ്. അറ്റകുറ്റപ്പണിക്കും മറ്റുമായി ഇവിടെ നിർത്തിയിട്ടിരിക്കുന്ന വിമാനത്തിന് പാർക്കിങ് ഫീ നല്‍കേണ്ടതുണ്ട്. 26,261 രൂപയാണ് ബ്രിട്ടീഷ് ജെറ്റിന്റെ പ്രതിദിന പാർക്കിങ് ഫീസ്. ഇത്തരത്തില്‍ ജൂണ്‍ 14 മുതല്‍ മുതല്‍ 35 ദിവസത്തേക്ക് ഏകദേശം 9.19 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ഈടാക്കിയിരിക്കുന്നതെന്ന് ഇന്ത്യൻ ഡിഫൻസ് റിസർച്ച് വിങ്ങിനെ (ഐഡിഡബ്ല്യുആർ) ഉദ്ധരിച്ച് സിഎൻബിസി-ടിവി 18 റിപ്പോർട്ട് ചെയ്യുന്നു.
നിലവില്‍ യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കുന്നതിനായി 24 അംഗങ്ങളാണ് തിരുവനന്തപുരത്ത് തുടരുന്നത്. ഇവരില്‍ 14 പേർ സാങ്കേതിക വിദഗ്ദരാണ്. പത്ത് പേർ വിമാനത്തിന്റെ ക്രൂ അംഗങ്ങളാണ്. യുദ്ധവിമാനത്തിന്റെ പ്രശ്നം പരിശോധിച്ച്, അത് ഇവിടെ നിന്ന് പരിഹരിക്കാൻ കഴിയുമോ അതോ പൊളിച്ചുമാറ്റി യുകെയിലേക്ക് കൊണ്ടുപോകുമോ എന്ന കാര്യം ഈ സംഘമാണ് തീരുമാനിക്കുക.
വിമാനത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിനും ഇന്ത്യൻ വ്യോമസേന സാദ്ധ്യമായ എല്ലാ പിന്തുണയും നല്‍കിവരുന്നുണ്ട്. ജൂണ്‍ 14നാണ് വിമാനം ഇന്ധനം കുറവായതും സാങ്കേതിക തകരാറും കാരണം നിലത്തിറക്കിയത്. ബ്രിട്ടീഷ് പാർലമെന്റില്‍ പോലും വിമാനം തിരുവനന്തപുരത്ത് കിടക്കുന്നത് ചർച്ചയായിരുന്നു. ഇതോടെയാണ് വിമാനം ഹാംഗറിലേക്ക് മാറ്റി തകരാർ പരിഹരിക്കാൻ ബ്രിട്ടീഷ് സൈന്യം തീരുമാനിച്ചത്.
അത്യാധുനികവും അതീവ സുരക്ഷാസംവിധാനവുമുള്ള വിമാനത്തെ മറ്റൊരു രാജ്യത്തെ ഹാംഗറിലേക്ക് മാറ്റുന്നതിനോട് സൈന്യത്തിന് ആദ്യം യോജിപ്പില്ലായിരുന്നു. അമേരിക്കൻ നിർമിതമായ അഞ്ചാം തലമുറ യുദ്ധവിമാനം നാറ്റോ സഖ്യത്തിലുള്‍പ്പെടാത്ത മറ്റൊരു രാജ്യത്തിനും ലഭിച്ചിട്ടില്ല. അതിനാല്‍ സാങ്കേതികവിദ്യ ചോരുമെന്ന ആശങ്കയിലാണ് വിമാനം ഹാംഗറിലേക്ക് മാറ്റാതിരുന്നത്.
അതേസമയം ഴ്ചകളായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന എഫ് 35 ബ്രിട്ടീഷ് യുദ്ധവിമാനം ഈ മാസം 22ന് ബ്രിട്ടണിലേക്ക് തിരിച്ചുപറന്നേക്കുമെന്നാണ് സൂചന. തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചെന്നാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പറഞ്ഞത്