എം ടിയുടെ വിയോഗത്തിൽ മമ്മൂട്ടിയുടെ വൈകാരിക കുറിപ്പ് “എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു”
മലയാള സാഹിത്യത്തെ ശൂന്യതയിലാഴ്ത്തി വിഖ്യാത സാഹിത്യകാരന് എം ടി വാസുദേവന് നായര് മടങ്ങി. കോഴിക്കോട് ബേബി മെമ്മോറിയല് ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.എം ടി വാസുദേവന് നായരുടെ വിയോഗത്തിൽ ഏറെ വൈകാരികമായി പ്രതികരിച്ച നടൻ മമ്മൂട്ടിയുടെ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.മലയാളത്തെ ആത്മാർത്ഥതയോടെ സ്നേഹിക്കുന്ന ഏതൊരു മലയാളിയുടെയും സ്വകാര്യ അഹങ്കാരമാണ് എം ടി എന്ന രണ്ടക്ഷരം .അതുകൊണ്ട് നേരിട്ട് അറിയാത്തവർക്ക് പോലും തന്നെ ഈ ഒരു വിയോഗം ഏറെ വേദന സൃഷ്ടിക്കുന്നുണ്ട്. എന്നാൽ എം ടി യോട് ഏറെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന മമ്മൂട്ടിയുടെ കുറിപ്പ് മനസ്സിൽ എവിടെയോ ഒരു വിങ്ങൽ തീർക്കുകയാണ്
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം. നിരവധി സിനിമകളില് ഒരുമിച്ച് പ്രവർത്തിച്ച ഇരുവരും സിനിമയ്ക്ക് പുറത്തും സൗഹൃദം സൂക്ഷിച്ചിരുന്നു. മമ്മൂട്ടിയുടെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്.
ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതല് ആ ബന്ധം വളർന്നു.സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.
നാലഞ്ച് മാസം മുമ്ബ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില് കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില് ചാഞ്ഞു നിന്നപ്പോള്, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓർക്കുന്നില്ലിപ്പോള്.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.
ഇങ്ങനെയാണ് ആ കുറിപ്പ് അവസാനിക്കുന്നത്.മമ്മൂട്ടി പറഞ്ഞു വെച്ചപോലെ ഇതുവായിക്കുമ്പോൾ ഓരോ മലയാളിയുടെയും മനസ് ശൂന്യമാവുകയാണ് .സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ,ഒരു നിമിഷം മകനായും ഒക്കെ മാറിമറിഞ്ഞ ബന്ധം .ചില ബന്ധങ്ങൾ അങ്ങിനെയാണ് ആരും ആവണമെന്നില്ല ,അല്ലാതെ തന്നെ എല്ലാമാവും .
പാലക്കാടൻ കാറ്റായും വള്ളുവനാടൻ ജീവിതമായും ഒക്കെ നിറഞ്ഞാടിയ കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ച ആ അതുല്യ പി[രതിഭയുടെ വിടവാങ്ങൽ നെഞ്ചകം പൊള്ളിക്കുണ്ട് . അദ്ദേഹത്തിന്റെ ഓരോ കൃതിയിലും എവിടെയൊക്കെയോ എം ടി ഉണ്ടായിരുന്നു. ഒന്നുകിൽ കാഴ്ച്ചക്കാരനായി, അല്ലെങ്കിൽ കഥ പറച്ചിലുകാരനായി.ഒക്കെ തീരുകയാണ് ഇവിടെ , ആർത്തിയോടെ വായിച്ചു തീർക്കാൻ പോന്നതൊന്നും എഴുതാൻ, ഇനി തൂലിക പിടിക്കാൻ ആ വിരലുകൾ ഇല്ലെന്ന യാഥാർഥ്യം കനലായി ഉള്ളിലെവിടെയോ എരിയുകയാണ്.