ടെലികോം കമ്പനികൾക്ക് ട്രായുടെ കർശന നിർദ്ദേശം;ഇനി സാധാരണക്കാരന്റെ പോക്കറ്റ് കീറാതെ റീചാർജ്
വോയ്സ് കോളുകൾക്കും എസ്എംഎസുകൾക്കും മാത്രമായി പ്രത്യേക റീചാർജ് പ്ലാനുകൾ ആരംഭിക്കാൻ ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). മൊബൈൽ ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്ക് അനുയോജ്യമായ റീചാർജ് ഓപ്ഷൻ എന്ന നിലയ്ക്കാണ് ട്രായ് മാറ്റങ്ങൾ കൊണ്ടുവന്നത്.ഫീച്ചർ ഫോണുപയോഗിക്കുന്ന നിരവധി ഉപഭോക്താക്കളുണ്ട്. ഇക്കൂട്ടർ ആവശ്യമില്ലാത്ത സേവനങ്ങള്‍ക്ക് കൂടി പണം നല്‍കേണ്ട അവസ്ഥയാണെന്ന് ട്രായ് ചൂണ്ടിക്കാട്ടി. അങ്ങനെയുള്ളവർക്ക് ആവശ്യമുള്ള സേവനത്തിന് മാത്രമായി റീച്ചാർജ് സൗകര്യമൊരുക്കണമെന്നാണ് ടെലികോം കമ്ബനികളോട് ട്രായ് നിർദേശം നല്‍കിയിരിക്കുന്നത്.
വോയ്സ് കോൾ, എസ്എംഎസ്, ഇന്റർനെറ്റ്, ഒടിടി സബ്സ്ക്രിപ്ഷൻ എന്നിവ ഉൾകൊള്ളുന്ന ബണ്ടിൽഡ് പ്ലാനുകളാണ് നിലവിൽ ടെലികോം കമ്പനികൾ റീചാർജ് ഓപ്ഷനായി നൽകുന്നത്. പ്രമുഖ കമ്പനിയുടെ 72 ദിവസത്തെ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ എന്നിവയും ഒടിടി സബ്സ്ക്രിപ്ഷനുമാണ് ഉൾകൊള്ളുന്നത്. ഇന്റർനെറ്റ് സൗകര്യം ആവശ്യമില്ലാത്തവരടക്കം നിലവിൽ ഈ പ്ലാനുകൾ തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുന്നുണ്ട്.ഇത് ഒഴിവാക്കാനാണ് ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (12-ാം ഭേദഗതി) റെഗുലേഷൻ ആക്ടിൽ ട്രായ് മാറ്റങ്ങൾ വരുത്തിയത്. ഈ നീക്കത്തോടെ ഉപഭോക്താക്കൾക്ക് അവർ ഉപയോഗിക്കാത്ത ഡാറ്റയ്ക്കാതെ അധിക പണം ചെലവാക്കുന്നതിന് പകരം ആവശ്യമുള്ള സേവനങ്ങൾക്ക് മാത്രം പണം നൽകിയാൽ മതിയാകും.
2012 ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ നിയന്ത്രണ ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് ട്രായ് ഉത്തരവിറക്കിയത്. ഒരു സ്പെഷ്യല്‍ താരിഫ് വൗച്ചറെങ്കിലും വോയിസ്, എസ് എം എസ്. സേവനത്തിനുമാത്രമായി പുറത്തിറക്കണമെന്നാണ് ഇതില്‍ പറയുന്നത്. രാജ്യത്ത് 15 കോടി മൊബൈല്‍ വരിക്കാർ ഇപ്പോഴും 2 ജി കണക്ഷൻ ഉപയോഗിക്കുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് പുതിയ ഭേദഗതി.
ഇതോടൊപ്പം സ്പെഷ്യൽ റീചാർജ് വൗച്ചറുകളുടെ പരമാവധി 90 ദിവസമെന്നത് 365 ദിവസമാക്കി ഉയർത്താനും ട്രായ് ആവശ്യപ്പെട്ടു. കമ്പനികൾ വോയിസ്, എസ്എംഎസ് എന്നിവ മാത്രമുള്ള ഒരു റീചാർജ് ഓപ്ഷനെങ്കിലും അവതരിപ്പിക്കമമെന്നാണ് ട്രായിയുടെ ആവശ്യം. ഇതിന് 365 ദിവസത്തിൽ കൂടാത്ത കാലാവധിയും ട്രായ് നിർദ്ദേശിക്കുന്നു. ഇന്റർനെറ്റ് അധികം ഉപയോഗിക്കാത്ത പ്രായമായവർക്കും ഗ്രാമീണ മേഖലയിലുള്ളവർക്കും ഇരട്ട സിം ഉപയോഗിക്കുന്നവർക്കും ഈ നിർദേശം ഗുണകരമാകും.