മുൻകൂട്ടി തീരുമാനിച്ചുള്ള അധിക്ഷേപം അല്ലെന്ന് ബോബി ചെമ്മണ്ണൂർ
പരാമർശം വളച്ചൊടിക്കപ്പെട്ടുവെന്ന് ബോബി ചെമ്മണ്ണൂർ . തന്റേത് മുൻകൂട്ടി തീരുമാനിച്ചുള്ള അധിക്ഷേപം അല്ലെന്ന് ബോബി ചെമ്മണൂരിന്റെ മൊഴി. വിവാദ പരാമർശം ആ വേദിയില്‍ മാത്രമായി പറഞ്ഞതാണ്. നാല് മാസം മുൻപ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ പരാതി നല്‍കിയതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും മൊഴിയില്‍ പറയുന്നു. കസ്റ്റഡിയില്‍ എടുത്ത ബോബിയുടെ ഫോണ്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം ബോബി ചെമ്മണ്ണൂർ ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിക്കും. അധിക്ഷേപ പരാമർശങ്ങളില്‍ കുറ്റബോധമില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം.
നടി ഹണി റോസ് നല്കിയ പരാതിയിലായിരുന്നു ബോബി ചെമ്മണ്ണൂരിനെ കൊച്ചി സെൻട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബോബി ചെമ്മണ്ണൂർ നടത്തിയ പരാമർശങ്ങളുടെ വീഡിയോ ഉള്‍പ്പെടെ കാണിച്ചുകൊണ്ടായിരുന്നു വിശദമായ ചോദ്യംചെയ്യല്‍ . എന്നാല്‍ നടിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയിട്ടില്ലെന്ന് ബോബി പോലീസിനോട് പറഞ്ഞു. കുറ്റബോധമില്ലെന്ന് മാധ്യമ പ്രവർത്തകരോടും പ്രതികരിച്ചു.
മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം എറണാകുളം സെൻട്രല്‍ പോലീസ് സ്റ്റേഷനലായിരുന്നു ബോബി ചെമ്മണ്ണൂരിനെ രാത്രിയില്‍ താമസിപ്പിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നതിനാല്‍ സ്റ്റേഷനില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നില്ല. ബോബിയെ ഇന്ന് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കും. നടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. ഇത് പരിശോധിച്ച ശേഷം കൂടുതല്‍ വകുപ്പുകള്‍ കൂടി ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തുന്നതിനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.