ആൾക്കൂട്ട മർദനമേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു; മരിച്ചത് വേങ്ങോട് സ്വദേശി ചന്ദ്രൻ
തിരുവനന്തപുരം ചിറയിൻകീഴിൽ മോഷണക്കുറ്റം ആരോപിച്ച് ക്രൂര മർദനത്തിനിരയായ ആൾ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രനാണ് മരിച്ചത്. കഴിഞ്ഞ മാസം 28 ആം തിയതിയാണ് കേസിനാസ്പദമായ സംഭവം.
പാത്രങ്ങൾ മോഷ്ടിച്ചുവെന്ന് എന്ന് ആരോപിച്ചാണ് ചന്ദ്രനെ ആൾക്കൂട്ടം തടഞ്ഞുവെച്ച് ചോദ്യം ചെയ്തത്. തുടർന്ന് കെട്ടിയിട്ടു. ആ പ്രദേശത്തുണ്ടായിരുന്ന ആളുകൾ എല്ലാം ചേർന്നാണ് ഇയാളെ മർദിച്ചത്. കെട്ടിയിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മർദനമേറ്റ് അവശനായ ചന്ദ്രന്റെ ബോധം മറഞ്ഞതോടെ ആളുകൾ പിൻവാങ്ങി. സ്ഥലത്തെത്തിയ പൊലീസ് മർദനമേറ്റ് അവശനായ ചന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സ തേടി വീട്ടിലെത്തിയിട്ടും ശാരീരിക അവശതകളും ഛർദിയും തുടർന്ന് ചന്ദ്രനെ വിശദമായ പരിശോധനക്ക് വിധേയനാക്കിയപ്പോൾ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി. ശസ്ത്രക്രിയക്ക് വിധേയനായ ചന്ദ്രൻ കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയിൽ ആയിരുന്നു.
Content Highlights : mob lynching death at Thiruvananthapuram