രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമു ബംഗാളിൽ പര്യടനം നടത്തി
എൻഡിഎ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമു ബംഗാളിൽ പര്യടനം നടത്തി. വടക്കൻ ബംഗാളിൽ തിങ്കളാഴ്ച രാവിലെ ഹ്രസ്വ സന്ദർശനം നടത്തിയശേഷമാണു വൈകിട്ടോടെ കൊൽക്കത്തയിലെത്തിയത്. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിങ് ശെഖാവത്ത്, സർബാനന്ദ സോനോവാൾ, ജി.കിഷൻ റെഡ്ഡി എന്നിവർ ഒപ്പമുണ്ടായിരുന്നു.
സിക്കിമിലെ സുക്നയിൽ നിന്നുള്ള 31 എംഎൽഎമാരുമായി ദ്രൗപദി മുർമു കൂടിക്കാഴ്ച നടത്തി. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് ഗോലെയും എത്തിയിരുന്നു. ഗൂർഖ ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ ബോർഡ് ഉദ്ഘാടനത്തിന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ഇരുവരും പരസ്പരം കണ്ടില്ല.
സാന്താൾ ഗോത്രവിഭാഗത്തിൽനിന്നുള്ള ദ്രൗപദി മുർമുവിന്റെ സ്ഥാനാർഥിത്വം ബിജെപി നേരത്തേ പ്രഖ്യാപിച്ചിരുന്നുവെങ്കിൽ പിന്തുണച്ചേനെ എന്നു മമത ബാനർജി അഭിപ്രായപ്പെട്ടിരുന്നു. ബംഗാളിൽ പുരുലിയ, ജംഗൽമഹൽ, വടക്കൻ ബംഗാൾ എന്നിവിടങ്ങളിൽ 80 ശതമാനവും ദ്രൗപദിയുടെ ഗോത്രമായ സാന്താൾ വിഭാഗമാണ്. ദ്രൗപദി കൊൽക്കത്തയിലേക്കു പോയത് ബാഗ്ഡോഗ്രയിൽ നിന്നും പ്രത്യേക വിമാനത്തിലാണ്. ഇന്നലെ രാവിലെ സ്വാമി വിവേകാനന്ദന്റെ വസതി സന്ദർശിച്ചു.
അതിനു ശേഷം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലെത്തിയ ബിജെപി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി. ബിജെപി എംപിമാരും എത്തിയിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് പ്രത്യേക വിമാനത്തിൽ ഡൽഹിക്കു മടങ്ങി. ബംഗാളിൽ എത്തിയത് മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സന്ദർശനത്തിനു ശേഷമാണ് .
Content Highlights – draupadi murmu, bengal, president election