ജൂറി സിനിമ കണ്ടിട്ടുണ്ടാവില്ലെന്ന് ഇന്ദ്രൻസ്; ആരോപണം നിഷേധിച്ച് ജൂറി ചെയർമാൻ
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇന്ദ്രൻസ് മുഖ്യകഥാപാത്രമായി എത്തിയ ഹോം സിനിമയെ അവഗണിച്ചതിൽ പ്രതിഷേധം ശക്തമാകുമ്പോൾ പ്രതികരണവുമായി ഇന്ദ്രൻസ്. ജൂറി സിനിമ കണ്ടിട്ടുണ്ടാകില്ലെന്നും കണ്ടവരാണ് സിനിമക്കനുകൂലമായ പ്രതികരണവുമായി എത്തുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു. മനോരമ ന്യൂസ് ചാനലിലെ വാർത്താപരിപാടിയ്ക്കിടയിൽ ടെലിഫോണിലൂടെയായിരുന്നു ഇന്ദ്രൻസിൻ്റെ പ്രതികരണം. അതേസമയം ഇന്ദ്രൻസിൻ്റെ ആരോപണം നിഷേധിച്ച് ജൂറി ചെയർമാൻ സയ്യദ് മിർസയും രംഗത്തെത്തി.
ഹോം സിനിമയെ പുരസ്കാരത്തിന് പരിഗണിക്കുന്നതിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് നിരവധി ആരാധകർ ഇന്ദ്രൻസിൻ്റെ ഫേസ്ബുക്ക് പേജിൽ കമൻ്റുകൾ രേഖപ്പെടുത്തിയിരുന്നു. ചിത്രത്തിൻ്റെ നിർമാതാവും അതിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ വിജയ് ബാബു ലൈംഗിക പീഡനക്കേസിൽ കുറ്റാരോപിതനായതിനാലാണ് സിനിമയെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഒരുകുടുംബത്തിലെ ഒരാൾ എന്തെങ്കിലും തെറ്റുചെയ്താൽ എല്ലാവരെയും ശിക്ഷിക്കേണ്ടതുണ്ടോയെന്നായിരുന്നു ഇന്ദ്രൻസിൻ്റെ ചോദ്യം. സിനിമയിലെ തൻ്റെ കഥാപാത്രത്തിനപ്പുറം സിനിമയ്ക്ക് എന്തെങ്കിലും അംഗീകാരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒഴിവാക്കാനുള്ള കാരണം നേരത്തെ കണ്ടുവെച്ചിട്ടുണ്ടായിരുന്നിരിക്കാമെന്നും ഇന്ദ്രൻസ് ആരോപിച്ചു. ചിത്രത്തിൽ ഇന്ദ്രൻസ് ചെയ്ത ഒളിവർ ട്വിസ്റ്റ് എന്ന കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
അതേസമയം ഇന്ദ്രൻസിൻ്റെ ആരോപണം നിഷേധിച്ച് ജൂറി രംഗത്തെത്തി. ചിത്രം പൂർണമായും കണ്ടിരുന്നു. ഒരു ദിവസം മൂന്ന് സിനിമ വീതമായിരുന്നു കാണുന്നത്. ചലച്ചിത്ര അക്കാദമിയുടെ തിയറ്ററിലായിരുന്നു പ്രദർശനം. ഏതെങ്കിലും ജൂറി ഒരു ചിത്രം നേരത്തെ കണ്ടിട്ടുള്ളതാണെങ്കിൽപ്പോലും സ്ക്രീനിങിൻ്റെ ഭാഗമായി അവർ അത് മുഴുവനായി കാണണം എന്ന് നിഷ്കർഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് ചാനലിനോടായിരുന്നു ജൂറി പ്രതികരിച്ചത്.
ഒടിടി പ്ലാറ്റ് ഫോമിലാണ് ഹോം റിലീസ് ചെയ്തത്. ഏറെ ജന ശ്രദ്ധ നേടിയിട്ടും ചിത്രം അവാർഡിന് പരിഗണിക്കപ്പെടാതിരുന്നതാണ് വ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്. ചിത്രത്തിന് പുരസ്കാരം ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ പ്രതിഷേധമില്ലെന്നുമായിരുന്നു ചിത്രത്തിൻ്റെ സംവിധായകൻ റോജിൻ തോമസ് പ്രതികരിച്ചത്. സിനിമ മാറ്റിനിർത്തിയതിന്റെ കാരണം അറിഞ്ഞാൽ നന്നായിരുന്നുവെന്നും ഒരുവിഭാഗത്തിലും പരിഗണിക്കാത്തതിന്റെ കാരണം വ്യക്തമാക്കണമായിരുന്നുവെന്നും റോജിൻ പറഞ്ഞു.
തനിക്ക് യോഗമില്ലായിരിക്കും എന്നായിരുന്നു ചിത്രത്തിൽ കുട്ടിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു പിള്ളയുടെ പ്രതികരണം. എന്തെങ്കിലും കാരണം കൊണ്ട് ബാക്കിയുള്ളവരുടെ കഠിനധ്വാനം കണ്ടില്ലെന്നുവെക്കരുതെന്നും മഞ്ജു പിള്ള പറഞ്ഞു.
എന്നാൽ അവാർഡ് പ്രഖ്യാപിച്ചത് ജൂറിയുടെ തീരുമാനത്തിലാണന്നും, ജൂറിയുടെ തീരുമാനം അന്തിമമാണെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് പ്രതികരിച്ചു. കൃത്യമായ സിനിമബോധമുള്ള ആളുകളാണ് അവാർഡ് തീരുമാനിച്ചതെന്നും രഞ്ജിത് വ്യക്തമാക്കി.
Content Highlight: Jury might have not seen ‘Home,’ says Indrans; denies jury chairman.