ദളിതർ എല്ലാം പൈസ മോഷ്ടിക്കുന്ന ആളുകൾ ആണോ അടൂർ സാറേ?? നട്ടെല്ലുള്ളവർ ഏത് വേദിയിലും പ്രതികരിക്കും, അതാണ് പുഷ്പവതി ചെയ്തതും

സിനിമ കോൺക്ലേവ് അവസാനിച്ചപ്പോൾ ബാക്കിയാകുന്നത് ഏതാനും വിവാദങ്ങളാണ്. സിനിമാ കോണ്‍ക്ലേവിന്റെ അവസാന ദിനമായ ഇന്നലെയായിരുന്നു അടൂരിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്. സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്കുന്ന ഫണ്ടുമായി ബന്ധപ്പെട്ടായിരുന്നു അടൂര്‍ നിലപാട് പറഞ്ഞത്. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിങ് കൊടുക്കണമെന്ന് അടൂര്‍ പറഞ്ഞിരുന്നു.
സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്കുന്ന പണം ഒന്നരക്കോടിയാണ്. അത് അഴിമതിക്കുള്ള വഴി ഉണ്ടാക്കുന്നുവെന്ന് താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം നല്ലതായിരിക്കും. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെക്ക് വിദഗ്ദരുടെ പരിശീലനം നല്‍കണമെന്നും അടൂര്‍ പറഞ്ഞിരുന്നു.
ഇതിനെതിരെ വ്യാപക വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. കൂടുതല്‍ സിനിമകള്‍ക്ക് കൂടുതല്‍ പണം നല്‍കണമെന്നും അതൊരു തെറ്റായി താന്‍ കാണുന്നില്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് വേദിയില്‍ വെച്ചുതന്നെ അടൂരിന് മറുപടി നല്കി.
കൂടുതല്‍ പണം നല്കുമ്പോള് ലാഭം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പട്ടിക ജാതി, പട്ടിക വര്‍ഗങ്ങള്‍ക്ക് 98 വര്‍ഷമായിട്ടും സിനിമയില്‍ മുഖ്യധാരയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ക്ക് സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കും അതേ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞിരുന്നു. അടൂരിന്റെ നിലപാടിനെതിരെ ഗായികയും സംഗീത, നാടക അക്കാദമി ഉപാധ്യക്ഷയുമായ പുഷ്പവതി പൊയ്പ്പാടത്ത്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു, സംവിധായകന് ഡോ. ബിജു, ആക്ടിവിസ്റ്റ് ടി എസ് ശ്യാംകുമാര്‍ അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു.
സിനിമാ കോണ്‍ക്ലേവില്‍ ദളിത് വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍, ആക്ടിവിസ്റ്റ് ദിനു വെയില് പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ്സി/എസ്ടി കമ്മീഷനിലും ആണ് പരാതി നല്‍കിയത്.
അടൂര്‍ തന്റെ പ്രസ്താവനയിലൂടെ എസ്സി/എസ്ടി വിഭാഗത്തിലെ മുഴുവന്‍ അംഗങ്ങളെയും, കുറ്റവാളികളോ കള്ളന്മാരോ അല്ലെങ്കിൽ അഴിമതി ചെയ്യാന്‍ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നു എന്നാണ് ദിനു പരാതിയില്‍ പറയുന്നത്.
അടൂരിന്റെ പരാമര്‍ശം വിവാദമായതിന് മന്ത്രി ആർ ബിന്ദുവും രംഗത്തുവന്നു. ‘വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം. മനുഷ്യനാകണം.’- എന്നാണ് മന്ത്രി ബിന്ദു ഫേസ്ബുക്കില്‍ എഴുതിയത്.
അടൂർ ഗോപാലകൃഷ്ണന്റെ സംസാരത്തിലൂടെ പുറത്തുവന്നത് ഫ്യൂഡൽ ചിന്താഗതിയെന്ന് സംവിധായകൻ ഡോ. ബിജു പറഞ്ഞു. അടൂരിനെ പോലുള്ളവർ കൂടുതൽ സാമൂഹ്യ ബോധ്യത്തോടെ പെരുമാറണം. പട്ടിക വിഭാഗക്കാർക്കും വനിതകൾക്കും മാത്രം പരിശീലനം എന്തിനാണ്? ഇവർ കഴിവില്ലാത്തവരാണ് എന്ന ബോധ്യത്തിൽ നിന്നാണ് അടൂരിന്റെ വാക്കുകൾ. മറ്റാർക്കും ഇല്ലാത്ത ഓഡിറ്റിങ് ഈ വിഭാഗങ്ങൾക്ക് മാത്രം എന്തിനാണ്? അവകാശപ്പെട്ട സഹായമാണ് സർക്കാർ നൽകുന്നതെന്നും അത് ദയാവായ്പ് ആണെന്ന മാനസികനില മാറണമെന്നും ഡോ. ബിജു പറഞ്ഞു.
എന്നാൽ ഞാന്‍ വരത്തനൊന്നുമല്ലെന്നും 60 വര്‍ഷമായി സിനിമയില്‍ ജോലി ചെയ്യുന്ന ആളാണെന്നും ആണ് അടൂര്‍ പറയുന്നത്. തന്നെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കാന്‍ പുഷ്പവതി ആരാണ്? വെറും പബ്ലിസിറ്റിയാണ് ഉദ്ദേശം. ഫിലിം കോണ്‍ക്ലേവില്‍ വരാൻ അവർക്ക് എന്താണ് അവകാശമെന്നും വഴിയെ പോകുന്ന എല്ലാ സ്ത്രീകള്‍ക്കും അഭിപ്രായം പറയാനുള്ള സ്ഥലമല്ല കോൺക്ലേവ് എന്നും അടൂർ പറഞ്ഞു.
കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ആണ് അടൂർ പറയുന്ന ഈ പുഷ്പവതി. പട്ടികജാതിക്കാർക്ക് എതിരെ അടൂർ സംസാരിച്ചപ്പോൾ സദസ്സിൽ നിന്നും ആളുകൾ കയ്യടിച്ചതാണ് എന്നെ അത്ഭുതപ്പെടുത്തിയത് എന്നാണ് പുഷ്പവതി പറയുന്നത്. പുഷ്പവതി എഴുനേറ്റ് നിന്ന് അടൂരിനെ ചോദ്യം ചെയ്തതാണ് അദ്ദേഹത്തിന്റെ ദേഷ്യത്തിന് കാരണം.
അടൂർ സാറിന്റെ മനസ്സിലെ തലമുറയല്ല ഇനി വരാൻ പോകുന്നത്. ദളിതർക്ക് എതിരെയുള്ള ഏതൊരു സാമൂഹിക തിരസ്കാരണത്തെയും, പരാമര്‍ശങ്ങളെയും, അത് പറയുന്നത് ഏത് രാജാവ് ആയാലും, അതെല്ലാം ചോദ്യം ചെയ്യപ്പെടും. അതിന്റെ നേർക്കാഴ്ചയാണ് പുഷ്പവതി എന്ന സ്ത്രീ നിവർന്നു നിന്നു സംസാരിച്ചത്.
നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ശിക്ഷിക്കാന്‍ സാധിക്കില്ലെന്നും നടനെതിരെ യാതൊരു തെളിവുമില്ലെന്നും പറഞ്ഞ ആൾ കൂടിയാണ് അടൂര്‍ ഗോപാലകൃഷ്ണന്. ദിലീപിനോട് വ്യക്തിപരമായി ഇടപെട്ട ആളെന്ന നിലയില്‍ അയാള്‍ അങ്ങനെയൊന്നും ചെയ്യാന്‍ സാധ്യത ഇല്ലെന്നാണ് വിശ്വസിക്കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞിരുന്നു. അതെ അടൂർ ഗോപാലകൃഷ്ണനാണ് ദളിതർ എല്ലാം കുറ്റവാളികളും പണം തട്ടിയെടുക്കാൻ നടക്കുന്ന ആളുകളാണെന്നും പരസ്യമായി ഒരു വേദിയിൽ വെച്ച് പറയുന്നത്.