വരി നില്‍ക്കേണ്ട, ഉദ്യോഗസ്ഥ ഇടപെടല്‍ വേണ്ട; സ്വയം ഇമിഗ്രേഷൻ; കൊച്ചി വിമാനത്താവളത്തില്‍ ഫാസ്റ്റ് ട്രാക് സംവിധാനം
കൊച്ചി വിമാനത്താവളത്തില്‍ രാജ്യാന്തര യാത്രക്കാർക്ക് ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാ’മിന്റെ ഭാഗമായി രാജ്യാന്തര യാത്രക്കാർക്ക് ഈ സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ വിമാനത്താവളമാവുകയാണ് സിയാല്‍. ഇതിന്റെ പരീക്ഷണം തിങ്കളാഴ്ച തുടങ്ങും. ആഗസ്റ്റില്‍ കമീഷൻ ചെയ്യും.
ഡല്‍ഹി വിമാനത്താവളത്തിലാണ് കഴിഞ്ഞമാസം രാജ്യത്ത് ആദ്യമായി ഈ സംവിധാനം ഏർപ്പെടുത്തിയത്. കൊച്ചിയില്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് നടത്തിപ്പുചുമതല. ആഗമന, പുറപ്പെടല്‍ മേഖലകളില്‍ നാല് വീതം ലൈനുകളിലാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ നടപ്പിലാക്കുക. ഇതിനായുള്ള സ്മാർട് ഗേറ്റുകള്‍ എത്തിക്കഴിഞ്ഞു.
നിലവില്‍ ഇന്ത്യൻ പൗരൻമാർക്കും ഒ.സി.ഐ കാർഡുള്ളവർക്കുമാണ് സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാനുള്ള അനുമതി ലഭിച്ചിട്ടുള്ളത്. ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടലില്‍ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തേണ്ടതുണ്ട്.