സ്ഥാനാർത്ഥിയോട് മാധ്യമങ്ങൾ ചോദിച്ചത് വികസനത്തിൻറെ ബ്ലൂ പ്രിൻറ്; ”അതൊക്കെ എങ്ങനെ പരസ്യമായി പറയും, അത് സ്വകാര്യമല്ലേ” എന്ന് ബിജെപി സ്ഥാനാർത്ഥി
ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കടന്നിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാർത്ഥിയും ഗായികയുമായ മൈഥിലി താക്കൂർ മാധ്യമങ്ങളോട് നൽകിയ വിചിത്രമായ ഒരു മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുന്നത്.
പ്രശസ്ത നാടോടി, ക്ലാസിക്കൽ ഗായിക എന്ന നിലയിൽ ജനശ്രദ്ധ നേടിയ മൈഥിലി താക്കൂർ അലിനഗർ നിയോജക മണ്ഡലത്തിലെ ബിജെപിയുടെ സ്ഥാനാർത്ഥിയാണ്.
“നിങ്ങളുടെ മണ്ഡലത്തിലെ വികസനത്തിനുള്ള ബ്ലൂ പ്രിന്റ് എന്താണ്?” എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. “ക്യാമറയ്ക്കും പബ്ലിക്കിനും മുന്നിൽ ഞാൻ അതൊക്കെ എങ്ങനെ പറയും? അത് തീർത്തും ഒരു സ്വകാര്യമായ കാര്യമല്ലേ,” എന്നായിരുന്നു മൈഥിലിയുടെ മറുപടി.
ഈ മറുപടി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, മൈഥിലി കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നു. രാഷ്ട്രീയ ചർച്ചകളിൽ ഇടം നേടിയ ഈ വീഡിയോയെ ആധാരമാക്കി, രാഷ്ട്രീയ പരിചയമില്ലാത്ത വ്യക്തികളെ വെറും പ്രശസ്തി മാത്രം കണക്കിലെടുത്ത് സ്ഥാനാർത്ഥികളാക്കുന്നത് എത്രത്തോളം ശരിയാണെന്ന ചോദ്യവുമായി നിരവധി പേർ രംഗത്തെത്തി.
ഇങ്ങനെ സെലിബ്രിറ്റികൾക്ക് നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റ് നൽകുമ്പോൾ, പാർട്ടിയിൽ വര്‍ഷങ്ങളോളം പ്രവർത്തിച്ചവരും, നല്ല രാഷ്ട്രീയ ബോധമുള്ളവരും ഒക്കെ തഴയപ്പെടുകയാണെന്നും ബിജെപി പ്രവർത്തകർ തന്നെ പരാതി പറയുന്നുമുണ്ട്.
ചിലർ മൈഥിലിയുടെ ഈ മറുപടിയെ “രാഷ്ട്രീയ ബോധമില്ലായ്മയുടെ ഉദാഹരണം” എന്ന് വിശേഷിപ്പിക്കുന്നു. എന്നാൽ മറ്റുചില ബിജെപിക്കാർ പറയുന്നത് “മാധ്യമപ്രവർത്തകർ പൊതു വേദിയിൽ അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ചതാണ്” കാരണം എന്നാണ്. എന്തായാലും ട്വിറ്റർ, ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിൽ മൈഥിലിയെ പരിഹസിക്കുന്ന ട്രോളുകൾ നിറഞ്ഞുകൊണ്ടിരിക്കുകയാണ്.
2017 ൽ നടന്ന റൈസിംഗ് സ്റ്റാർ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് മൈഥിലി താക്കൂർ ദേശീയതലത്തിൽ അറിയപ്പെട്ട് തുടങ്ങിയത്. ആ ഷോയിൽ റണ്ണർ അപ്പായതോടെ അവർക്കു ആരാധകരും ഏറെയുണ്ടായി.
പിന്നീട് സാമൂഹിക, സാംസ്കാരിക വിഷയങ്ങളിൽ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ മൈഥിലി സജീവമായി. “മിഥിലയുടെ മകൾ” എന്നൊരു പേരും അവരെ സഹായിച്ചു. സീത എന്നാണ് മൈഥിലിയുടെ മകൾ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതിൽ കൂടുതലൊന്നും ബിജേപ്പിക്ക് വേണ്ട താനും. അതോടെ മൈഥിലി രാഷ്ട്രീയത്തിലെത്തി, സ്ഥാനാർത്ഥിയായി.
സോഷ്യൽ മീഡിയയിൽ ട്രോളുകൾ തുടരുമ്പോൾ, മൈഥിലിയുടെ അടുത്ത പ്രസ്താവനകൾ ഈ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നതാണ് പാർട്ടിയിലെ ആശങ്ക. മൈഥിലി താക്കൂർ ബിജെപിയെ തേടി വന്നൊരു ആളല്ല. സമൂഹ മാധ്യമങ്ങളില്‍ ഏറെ ഫോളോവേഴ്സുള്ള മൈഥിലിയെ ബിജെപി പാര്‍ട്ടിയിലേക്ക് നേരിട്ട് ക്ഷണിക്കുകയായിരുന്നു.
വികസന പരിപാടികൾ, അടുത്ത വർഷങ്ങളിൽ ചെയ്യാൻ പോകുന്ന പ്രവർത്തനങ്ങൾ ഒക്കെ അടങ്ങുന്ന രേഖയാണ് ബ്ലൂ പ്രിന്റ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നേരത്തെ 2014 ൽ ബിജെപി വികസനത്തിന്റെ ബ്ലൂ പ്രിന്റ് കാണിച്ച് ജയിച്ചുവെന്നും എന്നാൽ അതിലുള്ള വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ലെന്നും ആരോപണമുണ്ടായിരുന്നു.
പിനീട് 2017 ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബ്ലൂ പ്രിന്റിങ് പകരം ബ്ലൂ ഫിലിം കാണിച്ച് വിജയിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചത് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ ആയിരുന്നു.
എന്തായാലും ഇത്രക്കും വൈറലായ ഒരു പ്രസ്താവന ഉണ്ടായിട്ടും മലയാളത്തിലെ ചില മാധ്യമങ്ങൾ പോലും പറയുന്നത് ബിജെപി സ്ഥാനാർഥിയായ മൈഥിലി താക്കൂറിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ രഹസ്യ അജണ്ടയുമായി മാധ്യമപ്രവര്ത്തകന് എത്തി എന്നാണ്.
മൈഥിലിയുടെ ഈ മറുപടിയെ വെച്ച് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ ഉണ്ടാക്കാൻ ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഐ എന്നീ പാര്‍ട്ടികളും ചില എന്‍ജിഒകളും മനഃപൂർവ്വം ശ്രമിക്കുകയാണെന്നും ഒരു മലയാള മാധ്യമം പറയുന്നുണ്ട്.
ഗായിക മൈഥിലി രാഷ്ട്രീയത്തിൽ പുതുമുഖമാണെങ്കിൽ, അവർക്ക് ബ്ലൂ പ്രിന്റ് എന്താണെന്ന് അറിയില്ലെങ്കിൽ , ചോദിച്ചയാളോട് എന്താണ് അതെന്ന് തിരികെ ചോദിക്കാം. എന്നാൽ ബ്ലൂ എന്നൊരു വാക്ക് കേട്ടതോടെ അശ്ലീലം കലർന്ന ചോദ്യമാണെന്ന് കരുതിയാണ് അവർ അതൊന്നും പറയാൻ പറ്റില്ലെന്ന മറുപടിയും നൽകിയത്.












