പേൾ ഹാർബർ തകർത്തതിന് അമേരിക്കയുടെ യുദ്ധപ്രഖ്യാപനം; ഒടുവിൽ ലോകം നടുങ്ങിയ ഹിരോഷിമയിലെ കൂട്ടക്കുരുതി

1945 ഓഗസ്റ്റ് 6-ന് ഹിരോഷിമയിൽ ലോകത്തെ ഞെട്ടിച്ച് കൊണ്ട് അമേരിക്കയുടെ ആറ്റംബോംബ് പതിച്ചതിന്റെ 80-ാം വാർഷികമാണിന്ന്.
മനുഷ്യന്റെ ഭാവനയിൽ പോലും ചിന്തിക്കാൻ കഴിയാത്ത അത്രക്ക് ശക്തമായ ഒരു തീജ്വാല ഹിരോഷിമ നഗരത്തെ വിഴുങ്ങി. 15,000 ടൺ TNT-ക്ക് തുല്യമായ ആ സ്ഫോടനത്തിന്റെ ശബ്ദം പോലും മരിച്ചവർക്ക് കേൾക്കാൻ കഴിഞ്ഞില്ല. ഒരൊറ്റ നിമിഷം കൊണ്ട് 70,000-ത്തോളം മനുഷ്യർ കത്തിയെരിഞ്ഞ് ചാരമായി മാറി. ആ പ്രദേശം ഇല്ലാതായി.
ബോംബിങ് നടന്ന ശേഷം ബാക്കിയായത് ഉറ്റവരെ എല്ലാം നഷ്ട്ടപ്പെട്ട, പകുതി മരിച്ച ഒരു കൂട്ടം മനുഷ്യർ മാത്രമായിരുന്നു. ആ ചൂടിൽ ഉരുകിത്തീർന്ന മൃതദേഹങ്ങളുടെ ഭീകരമായ കാഴ്ചകൾ ഈ ദുരന്തത്തെ അതിജീവിച്ചവരുടെ മനസ്സിൽ ഇന്നും മായാത്ത മുറിവായി അവശേഷിക്കുകയാണ്
അമേരിക്കയുടെ ബോംബാക്രമണത്തിന് ഇരയായവരിൽ ഏകദേശം 20% പേരും കൊറിയക്കാരായിരുന്നു. അന്ന് ജാപ്പനീസ് കോളനിയായിരുന്ന കൊറിയയിൽ നിന്ന് നിർബന്ധിത തൊഴിലിനായി കൊണ്ട് വന്ന ലക്ഷക്കണക്കിന് കൊറിയക്കാരിൽ 70,000 പേർ ബോംബാക്രമണത്തിന്റെ നേരിട്ടുള്ള ഇരകളായി. അവരിൽ 40,000 പേർ ഒരു വർഷത്തിനുള്ളിൽ മരിക്കുകയും ചെയ്തു.
അമേരിക്ക നടത്തിയ ഈ ആണവ ആക്രമണം ഒരു പ്രതികാരമായിരുന്നു. അമേരിക്കയുടെ പേൾ ഹാർബർ എന്ന നാവിക താവളം ജപ്പാൻ തകർത്തതിന്റെ പ്രതികരമായിരുന്നു ഹിരോഷിമയിൽ വീണ ആറ്റംബോംബ്.
1941 ഡിസംബർ ഏഴിന് അമേരിക്കൻ പ്രദേശമായ ഹോണോലുലുവിനു സമീപം സ്ഥിതി ചെയ്യുന്ന പേൾ ഹാർബർ നാവികത്താവളത്തിൽ ജപ്പാൻ സൈന്യം മിന്നൽ ആക്രമണം നടത്തി. ഏകദേശം 16 അമേരിക്കൻ സ് കപ്പലുകൾക്ക് നാശം സംഭവിച്ചു. 188 വിമാനങ്ങൾ തകർക്കപ്പെട്ടു. 2335 യുഎസ് സൈനികർ കൊല്ലപ്പെട്ടു. അമേരിക്കൻ മണ്ണിൽ അതുവരെ നടന്ന ഏറ്റവും വലിയ ആക്രമണമായി ഇതു മാറി.ഇതിനു പ്രതികാരമെന്ന നിലയിലാണ് ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ ആണവായുധം യുഎസ് പ്രയോഗിച്ചത്.
ഇന്നത്തെ പോലെയുള്ള ഒരു മേധാവിത്തം അന്ന് അമേരിക്കക്ക് ഇല്ലായിരുന്നു. എങ്കിലും വളരെ ശക്തമായ രാജ്യമായിരുന്നു അന്നും അമേരിക്ക. അക്കാലത്ത് ഒരുപാട് സാമ്രാജ്യ മോഹങ്ങളുള്ള ഒരു രാജ്യമായിരുന്നു ജപ്പാൻ. വ്യാവസായിക മേഖലയുടെയും സാമ്പത്തിക മേഖലയുടെയും ഉന്നമനത്തിനായി അവർ ശ്രമിച്ചെങ്കിലും പ്രകൃതിവിഭവങ്ങളുടെയും ഇന്ധനങ്ങളുടെയും കുറവ് അവർക്കുണ്ടായിരുന്നു. ജപ്പാനിലേക്കുള്ള 94 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയായിരുന്നു. ചൈനയുമായി ഇടയ്ക്ക് നടന്ന മഞ്ചൂറിയൻ യുദ്ധം കൂടുതൽ ഇന്ധന ക്ഷേമത്തിനും ഇടയാക്കി.
ലോകരാഷ്ട്രീയത്തിൽ അമേരിക്ക ശക്തി പ്രാപിക്കുന്ന സമയമായിരുന്നു അത്. വിയറ്റ്നാമിൽ ജപ്പാൻ നടത്തിയ യുദ്ധത്തിൽ പ്രതിഷേധിച്ച്, അമേരിക്കയിലുള്ള ജപ്പാന്റെ സ്വത്തുക്കൾ മരവിപ്പിക്കുകയും അവർക്ക് എണ്ണയും മറ്റ് വ്യാവസായിക വസ്തുക്കളും വിൽക്കുന്നത് നിർത്തുകയും ചെയ്തു.
ഇതിനെതിരെ അമേരിക്കയെ ഒന്ന് ഭീഷണിപ്പെടുത്താനും തങ്ങൾക്കെതിരെ എടുക്കുന്ന നടപടികൾ നിർത്താനുമാണ് ജപ്പാൻ യുഎസിനെ ആക്രമിച്ചതെന്ന് പറയുന്നു. അതോടെ പസിഫിക് മേഖലയിൽ തങ്ങൾക്ക് ആധിപത്യം കൈവരുമെന്നും അവർ കരുതി. എന്നാൽ കണക്കുകൂട്ടലുകൾ എല്ലാം പാളിപ്പോയി. അമേരിക്ക പേൾ ഹാർബർ ആക്രമണം ഏറെ വൈകാരികമായി എടുത്തു. അല്പം വൈകിയാണെങ്കിലും അമേരിക്ക നൽകിയ തിരിച്ചടി ലോകം ഇന്നുവരെ കാണാത്ത ഒരായുധം കൊണ്ടായിരുന്നു. തങ്ങളുടെ നാവികത്താവളത്തിൽ തകർന്ന് വീണ കപ്പലുകൾക്ക് മറുപടിയായി, അമേരിക്ക ജപ്പാന് നൽകിയത് ലിറ്റിൽബോയ് എന്നൊരു മാരകമായ അണുബോംബാണ്.
1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ആണ് 40,000-ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ സമുദ്രത്തോട് ചേർന്ന് കിടക്കുന്ന നഗരമായ ഹിരോഷിമാ നഗരത്തെ അമേരിക്ക ആക്രമിക്കുന്നത്. അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേയിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്.
കത്തുന്ന സൂര്യനെ പോലെ ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പർവതം പോലെ ആ പുക 40,000 അടി ഉയരത്തിൽ ഉയർന്നു പൊങ്ങി. ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ച സ്ഫോടനത്തിൽ 1,40,000-ത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. റേഡിയേഷൻ അതിപ്രസരത്തിൽ ഒന്നരലക്ഷത്തോളം പേർക്ക് പിൽക്കാലത്തും ജീവൻ നഷ്ടമായി. അതിലും ഇരട്ടിയാളുകൾ രോഗം ബാധിച്ച് ദുരിത ജീവിതം നയിക്കുന്നു.
പിന്നീടുള്ള കാലഘത്തിൽ പലപ്പോളായി വൻശക്തികൾ തമ്മിൽ നേർക്ക്നേർ ഏറ്റുമുട്ടുന്ന പല സന്ദർഭങ്ങൾ ഉണ്ടായി. കൊറിയൻ യുദ്ധം, സൂയസ് പ്രതിസന്ധി, ക്യൂബൻ പ്രതിസന്ധി, വിയറ്റ്നാം യുദ്ധം ഇറാൻ ഇറാഖ് യുദ്ധം, ഇപ്പോളത്തെ ഇറാൻ ഇസ്രായേൽ സംഘർഷം എന്നിങ്ങിനെ പല തരം പ്രശ്നങ്ങൾ ലോകത്തെ ഒരു ആണവായുധത്തിലേക്കു നയിക്കും എന്ന് കരുതിയിരുന്നു.
എന്നാൽ ഹിരോഷിമയും നാഗസാക്കിയും കാണിച്ചു തന്ന യുദ്ധഭീകരതയുടെ ചിത്രം മുന്നിൽ ഉള്ളതിനാൽ ആണവായുധത്തിൽ ഏർപ്പെട്ടാൽ ലോകത്തിനു സാധാരണ ജീവിതത്തിലേക്ക് പിന്നീടൊരു തിരിച്ചു പോക്കില്ല എന്ന യാഥാർഥ്യം മനസ്സിലാക്കുവാൻ വൻശക്തികൾക്കു കഴിഞ്ഞു. ആ തിരിച്ചറിവ് ഇന്നത്തെ ലോകത്തിന്റെ നിലനിൽപ്പിന് പിന്നിലെ വലിയൊരു കാരണം കൂടിയാണ്. കഴിഞ്ഞ എമ്പത് വർഷത്തിൽ ലോകവ്യവസ്ഥയെ ഏറ്റവും സ്വാധീനിച്ച ഘടകം എന്താണ് എന്ന് നോക്കിയാൽ, ആ അന്വേഷണം തീർച്ചയായും ചെന്നെത്തുക ആണവായുധത്തിൽ ആയിരിക്കും.