ഇന്ത്യക്കാർക്ക് എന്നെ ഇഷ്ടമല്ല, എന്നാൽ അവർ ഉടനെ എന്നെ സ്നേഹിക്കാൻ തുടങ്ങും; തീരുവ കുറക്കാൻ ഒരുങ്ങുന്ന ട്രംപിൻറെ വാക്കുകൾ ശ്രദ്ധേയമാകുന്നു
ഇന്ത്യയുമായി ഒരു യുക്തിപൂർവമായ ഇടപാടിന് അമേരിക്ക ഒരുങ്ങുകയാണെന്നും തീരുവ കുറയ്ക്കാൻ തങ്ങൾക്ക് പദ്ധതിയുണ്ടെന്നും പറയുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
റഷ്യയുമായുള്ള എണ്ണ വ്യാപാരം കാരണമാണ് ഇന്ത്യ ഇത്രയും ഉയർന്ന തീരുവകൾ നേരിടുന്നതെന്ന് ട്രംപ് പറഞ്ഞു, കൂടാതെ റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയതായും ട്രംപ് ഒരിക്കൽ കൂടെ അവകാശപ്പെട്ടു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അമേരിക്കൻ പ്രസിഡന്റ്.
“ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയിരുന്നു. അത് തന്നെയാണ് അവരുടെ മേൽ ഉയർന്ന തീരുവ ചുമത്താൻ കാരണമായത്. എന്നാൽ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ഇപ്പോൾ ഗണ്യമായി നിർത്തിയിരിക്കുന്നു. പിന്നീട് ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞത് “ഞങ്ങൾ തീരുവ കുറയ്ക്കാൻ പോവുകയാണ്. ഒരുഘട്ടത്തിൽ ഞങ്ങൾ അത് കുറയ്ക്കും എന്നാണ്.
റഷ്യയുമായുള്ള ഇന്ത്യയുടെ ഊർജ ഇടപാടുകൾ ചൂണ്ടിക്കാട്ടി ഓഗസ്റ്റിൽ ഇന്ത്യൻ ഇറക്കുമതിത്തീരുവ വർധിപ്പിച്ച് മാസങ്ങൾക്ക് ശേഷമാണ് യുഎസ് പ്രസിഡന്റിന്റെ ഏറ്റവും പുതിയ പരാമർശങ്ങൾ വരുന്നത്. യുക്രൈൻ അധിനിവേശവും യുദ്ധവും അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനെ പ്രേരിപ്പിക്കുന്നതിനുള്ള സമ്മർദ തന്ത്രമായും ഈ നടപടി വിലയിരുത്തപ്പെടുന്നുണ്ട്.
അതിനുശേഷം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ത്യ റഷ്യയുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കുമെന്ന് ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു. ആദ്യമായി ഈ അവകാശവാദം ഉന്നയിച്ചപ്പോൾ, അത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, അന്ന് ഇരു നേതാക്കളും തമ്മിൽ ഫോൺ സംഭാഷണം നടന്നുവെന്ന വാർത്ത ഇന്ത്യ നിഷേധിക്കുകയും അങ്ങനെയൊരു സംഭാഷണത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
ചൊവ്വാഴ്ച നടക്കുന്ന വ്യാപാര ചർച്ചകളെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞത് : “ഞങ്ങൾ ഇന്ത്യയുമായി ഒരു കരാറുണ്ടാക്കുകയാണ്, മുൻപുണ്ടായിരുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായ ഒന്ന്. ഇപ്പോൾ അവർക്കെന്നെ ഇഷ്ടമല്ല, പക്ഷേ, അവർ ഞങ്ങളെ വീണ്ടും സ്നേഹിക്കും. ഞങ്ങൾ ന്യായമായ ഒരു ഇടപാട് ഉണ്ടാകും. ഒരു ന്യായമായ വ്യാപാര ഇടപാട്. ഞങ്ങൾക്ക് യുക്തിരഹിതമായ വ്യാപാര ഇടപാടുകളായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ ഞങ്ങൾ ന്യായമായ ഒന്നിലേക്ക് ഇപ്പോൾ എത്തുകയാണ്.”
അതിനു ശേഷം ട്രംപ്, അമേരിക്കൻ ട്രഷറി സെക്രട്ടറിയായ സ്കോട്ട് ബെസെൻ്റിനെ ചൂണ്ടിക്കാട്ടുകയും എല്ലാവർക്കും ഉചിതമായ ഒരു കരാറിലേക്ക് അടുക്കുന്നു എന്ന വാദം ആവർത്തിക്കുകയും ചെയ്തു.
റഷ്യയുമായി എണ്ണ വ്യാപാരം നടത്തിയതിന് ഇന്ത്യയെ ഉന്നം വെക്കുകയും ട്രംപിന്റെ തീരുവകളെ പൂർണ്ണമായും പിന്തുണയ്ക്കുകയും ചെയ്ത ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥരിൽ ഒരാളാണ് ബെസെന്റ്. ട്രംപിന്റെ നൽകിയ തീരുവ സമയപരിധിക്ക് ദിവസങ്ങൾക്ക് മുൻപ് , യുക്രൈൻ യുദ്ധസമയത്തും അതിനുശേഷവും റഷ്യൻ എണ്ണയുടെ വിൽപനയിൽ ഇന്ത്യ വലിയ ലാഭമുണ്ടാക്കിയെന്ന് പറഞ്ഞ ആൾ കൂടിയാണ് സ്കോട്ട് ബെസന്റ്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. നിലവിൽ 191 ബില്യൻ ഡോളറായ ഉഭയകക്ഷി വ്യാപാരം, 2030 ആകുംപോളെക്കും 500 ബില്യൻ ഡോളറായി ഉയർത്താനാണ് ഈ കരാർ ലക്ഷ്യമിടുന്നത്.
ചില ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക 50% വരെ അധിക താരിഫ് ഏർപ്പെടുത്തിയത് വ്യാപാര ബന്ധത്തിൽ കല്ലുകടിയായി തുടരുകയാണ്. താരിഫ് കുറയ്ക്കുന്നതിലൂടെ ടെക്സ്റ്റൈൽസ്, സമുദ്രോത്പന്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ കയറ്റുമതി മേഖലകൾക്ക് വലിയ ഉത്തേജനം ലഭിക്കും.












