സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം ഇന്ന്

ഒന്പതു മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയ ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടങ്ങി വരവ് ഉടനെയുണ്ടാകും. ഇവരെ മടക്കി കൊണ്ടുവരുന്നതിനുള്ള സ്പേസ് എക്സ് ക്രൂ 10 ദൗത്യം ഇന്ന് നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 7:03 ന്, അതായത് ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4:30 ന് ക്രൂ 10 വിക്ഷേപിക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
മാർച്ച് 20 ന് സുനിതയ്ക്കും വിൽമോറിനും ഭൂമിയിലെത്താനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം യാത്രക്കാരുമായി കഴിഞ്ഞ ദിവസം പുറപ്പെടേണ്ടിയിരുന്ന സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ച സാഹചര്യത്തിലാണ് സുനിത വില്യംസിന്റെയും സംഘത്തിന്റെയും മടങ്ങിവരവ് നീളുന്നത്.