അഭിഷേകിന്റെ ‘സ്പെഷ്യൽ റൺ’; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം

കൊച്ചി: ഭിന്നശേഷിക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മൂന്നാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ. ശരീര പേശികളെ ഗുരുതരമായി ബാധിക്കുന്ന മസ്കുലർ ഡിസ്ട്രോഫി ബാധിതനായ കാസർഗോഡ് സ്വദേശി അഭിഷേക് ബല്ലൂലായയുമായാണ് കൊച്ചി ഇൻഫോ പാർക്കിലെ ഐടി സ്ഥാപനമായ അകാബെസിലെ ജീവനക്കാർ എത്തിയത്. വീൽ ചെയറിലാണെങ്കിലും മാരത്തോണിന്റെ ഭാഗമായ സ്പെഷ്യൽ റണ്ണിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അഭിഷേക്.
“ആദ്യമായാണ് ഞാൻ കൊച്ചി മാരത്തോണിന്റെ ഭാഗമാകുന്നത്. ഓഫീസിലെ എല്ലാവരും തന്നെ മാരത്തോണിന്റെ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. എന്നെ ഒരു കുടുംബാംഗത്തെപ്പോലെ ഇവിടേക്ക് കൊണ്ടുവന്നത് എന്റെ സഹപ്രവർത്തകരാണ്. അവർ 10 കി.മി, 3 കി.മി വിഭാഗങ്ങളിലാണ് പങ്കെടുത്തത്. സ്പെഷ്യൽ റൺ വിഭാഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.” അഭിഷേക് പറഞ്ഞു. സഹപ്രവർത്തകർക്കും മാതാപിതാക്കൾക്കുമൊപ്പാണ് 23 കാരൻ മാരത്തോണിൽ പങ്കെടുക്കാനെത്തിയത്.
അഭിഷേകിനെ മാരത്തോണിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് സഹപ്രവർത്തകർ. “കമ്പനിയിലെ എല്ലാവരും തന്നെ മാരത്തോണിന്റെ ഭാഗമായി. ജോലിക്കൊപ്പം പൊതു സമൂഹവുമായി ഇടപഴകേണ്ടത് അത്യാവശ്യമാണല്ലോ. ഞങ്ങളുടെ കമ്പനി അതിനുള്ള അവസരം ഒരുക്കി തരാറുണ്ട്. രണ്ടാഴ്ച നീണ്ട ഒരുക്കത്തിനൊടുവിലാണ് ഞങ്ങൾ ഇവിടെ എത്തിച്ചേർന്നത്. ഞങ്ങളുടെ കമ്പനിക്ക് എല്ലാവരെയും ഉൾക്കൊള്ളുന്ന മനോഭാവമാണുള്ളത്. അഭിഷേക് ഞങ്ങളുടെ കുടുംബത്തിലെ അംഗമാണ്.” അഭിഷേകിന്റെ സഹപ്രവർത്തകയായ നിത എ ജി പറഞ്ഞു.
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിൽ നൂറിലേറെ ഭിന്നശേഷിക്കാരാണ് പങ്കെടുത്തത്. ഭിന്ന ശേഷി വിദ്യാലയങ്ങിലെ വിദ്യാർത്ഥികളും മാരത്തോണിന്റെ ഭാഗമായി.