കേരളത്തിൽ പോറ്റിയും കൂട്ടുകാരും സ്വർണ്ണം മോഷ്ടിക്കുന്നു; ഗുജറാത്തിൽ ക്ഷേത്രത്തിലെ പൂജാരി ഒന്നരക്കോടിയുടെ വെള്ളി മോഷ്ടിക്കുന്നു!!!

ശബരിമലയിലെ സ്വർണ്ണം കൊള്ളയടിച്ച ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴികളെല്ലാം ആരോ പറഞ്ഞ് പഠിപ്പിച്ചതാണ് എന്നാണ് എസ്ഐടി കരുതുന്നത്. അന്വേഷണം നടക്കുന്നതിനിടെ പോറ്റി ചെന്നൈയിലും മെ ബെംഗളൂരിലും പോയിരുന്നു. ഇതിനുള്ള വിമാനടിക്കറ്റ് തട്ടിപ്പ് സംഘമാണ് എടുത്ത് നൽകിയതെന്ന് പോറ്റി മൊഴി നൽകിയിട്ടുണ്ട് . ഈ യാത്രയിൽ പോറ്റി ആരെയെല്ലാം കണ്ടെന്നും എവിടെയെല്ലാം പോയെന്നും അന്വേഷിക്കുകയാണ് എസ്ഐടി.
ഗൂഢാലോചനയിൽ കേരളത്തിലെ ഉന്നതർക്കും പങ്കുണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. എന്തായാലും ഹെർണിയ തുകയൊന്നുമല്ല ഈ പോറ്റി അടിച്ച് മാറ്റിയിരിക്കുന്നത്.
ഇയാളുടെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്വർണവും ഭൂമി ഇടപാട് സംബന്ധിച്ച രേഖകളും പിടിച്ചെടുത്തിരുന്നു. സ്വർണം ആഭരണങ്ങളുടെ രൂപത്തിലാണെങ്കിൽ കൂടി ഇതിനൊന്നും കൃത്യമായ രേഖകളില്ല. കവർച്ച ചെയ്യപ്പെട്ട സ്വർണമാണോ ഇത്തരത്തിൽ സൂക്ഷിച്ചതെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. പിടിച്ചെടുത്തതിൽ കോടികളുടെ ഭൂമിയിടപാട് രേഖകളുമുണ്ട്.
നിയമവിരുദ്ധമായി പലിശയ്ക്ക് പണം കൊടുക്കുന്ന ഏർപ്പാടും പോറ്റിക്കുണ്ടായിരുന്നു. ഇതോട് അനുബന്ധിച്ച് കൈക്കലാക്കിയ നിരവധി ആധാരങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.
ക്ഷേത്രങ്ങളിലെ മോഷണം നമ്മുടെ കേരളത്തിൽ മാത്രമല്ല നടക്കുന്നത്.
കഴിഞ്ഞ ദിവസം ഗുജറാത്തിൽ ക്ഷേത്രത്തിൽ നിന്ന് ഒന്നരക്കോടിയിൽ കൂടുതൽ വിലയുള്ള വെള്ളിയാഭരണങ്ങൾ മോഷ്ടിച്ചവരെ പിടി കൂടിയിരുന്നു.
ക്ഷേത്രത്തിലെ പൂജാരിയടക്കം അഞ്ച് പേരാണ് പിടിയിലായത്. അഹമ്മദാബാദ് പാലാഡിയിലെ ശ്രീ ലക്ഷ്മി വർധ ജൈന സംഘ് – ജൈന ദെരാസർ ക്ഷേത്രത്തിൽ നിന്നാണ് 117.33 കിലോ വെള്ളി ആഭരണങ്ങൾ മോഷണം പോയത്. കേസിൽ ക്ഷേത്ര പൂജാരി മെഹുൽ റാത്തോഡ്, ക്ഷേത്രം ജീവനക്കാരി ഹേതൽബെൻ, ഭർത്താവ് കിരൺഭായ്, വെള്ളി വ്യാപാരികളായ സഞ്ജയ്, റൗനക് എന്നിവരെയാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ക്ഷേത്രത്തിന്റെ നിലവറയിൽ സൂക്ഷിച്ചിരുന്ന വെള്ളി ആഭരണങ്ങളും വസ്ത്രങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തിയതോടെ ഒക്ടോബർ 13ന് ക്ഷേത്ര സെക്രട്ടറി പാലാഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അപ്പോളാണ് മോഷണം പുറത്തറിയുന്നത്. പരാതിയെ തുടർന്ന് ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളികളിൽ ഒരാളായ ഹേതൽബെന്നിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, ഇവരുടെ ഭർത്താവും ക്ഷേത്ര പൂജാരിയുമുൾപ്പെടെ മറ്റ് നാല് പേർ ഉൾപ്പെട്ട വലിയ ഗൂഢാലോചന അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. തുടർന്നായിരുന്നു മറ്റുള്ളവരുടെ അറസ്റ്റ്.
പ്രതികളിൽനിന്ന് 72.87 ലക്ഷം രൂപയുടെ വെള്ളിയാഭരണങ്ങൾ, 79,000 രൂപ, നാല് മൊബൈൽ ഫോണുകൾ, ഒരു എസ്യുവി കാർ എന്നിവ പൊലീസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. സിസിടിവി ക്യാമറകൾ ഓഫ് ചെയ്ത് ആസൂത്രിതമായാണ് ബേസ്മെന്റിലെ ലോക്കർ റൂമിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ പൂജാരി മോഷ്ടിച്ചതെന്ന് ഇൻസ്പെക്ടർ സലുങ്കെ പറഞ്ഞു.
2023 മുതൽ മോഷ്ടിച്ച വെള്ളി ആഭരണങ്ങളും വസ്ത്രങ്ങളും ബേസ്മെന്റിലെ ഒരു സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. പൂജാരിയുടെ കൈയിൽ മാത്രമായിരുന്നു ലോക്കറിന്റെ താക്കോൽ. 15 വർഷമായി ക്ഷേത്രത്തിൽ ജോലി ചെയ്തുവരുന്ന മെഹുൽ റാത്തോഡ് ഇതുകൊണ്ടുതന്നെ മാനേജ്മെന്റിന്റെ വിശ്വസ്തൻ ആയിരുന്നു.
ഈ കള്ളനാണ് ഇത്രയും നാൾ ആ ക്ഷേത്രത്തിൽ പൂജകൾ നടത്തിയിരുന്നത്. നിത്യേന പൂജിക്കുന്ന ദൈവത്തിന്റെ ആഭരണങ്ങൾ തന്നെ പൂജാരി മോഷ്ടിച്ചു. ഇതെല്ലം ഭക്തർക്ക് ചില സൂചനകളാണ് നൽകുന്നത്. അതായത് നിങ്ങൾക്ക് വിശ്വാസം പോലെ ദൈവങ്ങളെ ആരാധിക്കാം പ്രാർത്ഥിക്കാം. എന്നാൽ ഒരൊറ്റ പൈസപോലും ഒരു ക്ഷേത്രത്തിലും പള്ളിയിലും കാണിക്കയായി നൽകരുത്. പണമില്ലാത്ത ആരാധനാലയങ്ങളിലും നിങ്ങൾ വിശ്വസിക്കുന്ന ദൈവം ഉണ്ടാകും. എന്നാൽ പണം മാത്രം നോട്ടമിട്ട് വരുന്ന ഇത്തരം പോറ്റിമാരും പൂജാരിമാരും അവിടെ ഉണ്ടാകില്ല.
മോഷ്ടിക്കാൻ ഒന്നുമില്ലെങ്കിൽ അവർ അങ്ങോട്ട് തിരിഞ്ഞ് നോക്കുക പോലുമില്ല. ഈ പറയുന്ന പൂജാരിമാരോ, പോറ്റിമാരോ ഏതെങ്കിലും ക്ഷേത്രത്തിൽ കാണിക്കയിടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? വലിയ തുകകൾ എല്ലാം വരുന്നത് ബിസിനസുകാർ, സിനിമാക്കാർ എന്നിവരിൽ നിന്നാണ്. അതിൽ കൂടുതൽ പേരും പേടിയുള്ള, അന്ധവിശ്വാസികൾ ആയിരിക്കും. അമ്പല കമ്മിറ്റികളിലും, ദേവസം ബോർഡിലുമൊക്കെ ഇടിച്ച് കയറാൻ ക്യൂ നിൽക്കുന്നത് ഈശ്വരനെ സേവിക്കാനല്ല എന്നും മനസിലാക്കുക. പണം മാത്രമാണ് അവരുടെ മുന്നിലുള്ള ഏക ലക്ഷ്യം.