ശക്തമായ മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ശക്തമായ മഴതുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത മൂന്നുമണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് (Rain Alert) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തുജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കൂടുതൽ മഴയ്ക്ക് സാധ്യത തുടരുകയാണ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതരുടെ മുന്നറിയിപ്പുണ്ട്. ഇന്ന് അറബിക്കടൽ, ആൻഡമാൻ കടൽ,അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറ്, മധ്യ കിഴക്ക് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.