സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഇന്ന് പുലർച്ചെ 2.30 മുതൽ സെപ്റ്റംബർ 28 പുലർച്ചെ 2.30 വരെയാണ് ജാഗ്രതാ നിർദേശം. ഈ സമയത്ത് കേരള തീരത്ത് ഒന്നുമുതൽ ഒന്നര മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.
യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് കടൽക്ഷോഭമുണ്ടാകുന്ന അവസ്ഥയാണ് കള്ളക്കടൽ പ്രതിഭാസം. ദൂരെയുള്ള സമുദ്രങ്ങളിൽ ഉണ്ടാകുന്ന ശക്തമായ കാറ്റിൻ്റെ ഫലമായി രൂപപ്പെടുന്ന വലിയ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറുന്നതാണ് ഇതിന് കാരണം. പ്രാദേശികമായി കാറ്റോ മഴയോ ഇല്ലാത്ത സമയത്തുപോലും ഇത്തരം തിരമാലകൾ അപ്രതീക്ഷിതമായി തീരത്ത് വലിയ നാശം വിതയ്ക്കാറുണ്ട്.













