കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ കളത്തിലിറങ്ങും
വരുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിലും ഓൾറൗണ്ട് താരം ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ കളത്തിലിറങ്ങും. റെയിൽവേ ഉദ്യോഗസ്ഥയായ ആശയെ ഇത്തവണത്തെ റെയിൽവേ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രത്യേക ഇടപെടലിനെത്തുടർന്നാണ് താരം വീണ്ടും കേരള ടീമിൽ തിരിച്ചെത്തുന്നത്.
നിലവിൽ കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് ആശ. സ്വന്തം നാടിനായി കളത്തിലിറങ്ങണമെന്ന ആശയുടെ ആഗ്രഹവും, താരത്തെ ടീമിൽ നിലനിർത്തണമെന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യവും പരിഗണിച്ചാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ ഇടപെട്ടത്. ഇതോടെ ആശയ്ക്ക് കേരളത്തിന് വേണ്ടി കളിക്കാൻ റെയിൽവേസ് അനുമതി നൽകുകയായിരുന്നു.
പുതിയ സീസണിന് ഒരുങ്ങുന്ന കേരള ടീമിന് ആശയുടെ തിരിച്ചുവരവ് വലിയ മുതൽക്കൂട്ടാകും. സീസൻ്റെ തുടക്കത്തിൽ തന്നെ തകർപ്പൻ പ്രകടനങ്ങളുമായി മികച്ച ഫോമിലാണ് ആശ. രണ്ട് മാസം മുൻപ് നടന്ന സീചെം ട്രോഫിയിൽ ആശയുടെ നേതൃത്തിലിറങ്ങിയ കേരള ടീം ചാമ്പ്യന്മാരായിരുന്നു.












