മരുന്ന് കണക്കുകളില്‍ കൃത്യത വേണം; കര്‍ശന നിര്‍ദേശവുമായി ആരോഗ്യമന്ത്രി
മരുന്നുകളുടെ കണക്കുകളില്‍ കൃത്യത വരുത്തണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഡി.എം.ഒമാരുടെ യോഗത്തിലാണ് മന്ത്രി കർശന നിർദേശം നല്‍കിയത്. മരുന്നുകളുടെ സ്റ്റോക്കില്‍ കൃത്യമായ കണക്ക് വേണമെന്നും, മരുന്നുക്ഷാമം സംബന്ധിച്ച വാർത്തകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. അടിയന്തരമായി മരുന്ന് എത്തിക്കാൻ കെ.എം.എസ്.സി.എല്‍-ന് നിർദേശം നല്‍കിയിട്ടുണ്ട്.
മരുന്ന് സംഭരണശാലകള്‍ കാലിയാണെന്നും, ഉടൻ സ്റ്റോക്ക് എത്തിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും ഡി.എം.ഒമാർ യോഗത്തില്‍ മുന്നറിയിപ്പ് നല്കി. ഇതിന്റെ പശ്ചാത്തലത്തില്‍ ലോക്കല്‍ പർച്ചേസ് കൂട്ടാൻ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
അതേസമയം, പ്രതിസന്ധിക്കിടയിലും കെ.എം.എസ്.സി.എല്‍-ന്റെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്കിൽ കടുത്ത വിമർശനം ഉയരുന്നുണ്ട്. റീ-ടെൻഡർ അംഗീകരിക്കുന്ന നടപടികള്‍ വൈകിപ്പിക്കുന്നതായും കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ഇത് പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. റീ-ടെൻഡർ വൈകിയാല്‍ മരുന്നുവിതരണം ഇനിയും വൈകുമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്.













