കണ്ണൂരില്‍ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശിയെന്ന് സൂചന
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശിയെന്ന് സൂചന. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബംഗാള്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ പോലീസോ റെയില്‍വേയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സുരക്ഷാജീവനക്കാരനും ബംഗാള്‍ സ്വദേശിയും തമ്മില്‍ കഴിഞ്ഞദിവസം രാത്രി തര്‍ക്കമുണ്ടായെന്നാണ് വിവരം. ഇതിന്റെ പകയാണ് ട്രെയിനിന് തീയിടുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന. സെക്യൂരിറ്റി ജീവനക്കാരന് പ്രതിയെ തിരിച്ചറിഞ്ഞുവെന്നാണ് വിവരം.
കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശി മാനസികപ്രശ്നമുള്ള ആളാണെന്നാണ് സൂചന. രണ്ടുമാസം മുന്‍പ് റെയില്‍വേ സ്റ്റേഷന് സമീപത്ത് ട്രാക്കിനരികില്‍ തീയിട്ടതും ഇയാളാണെന്നും പറയുന്നുണ്ട്. അന്ന് ഇയാളെ പിടികൂടിയെങ്കിലും മാനസികപ്രശ്നമുള്ളതിനാല്‍ വിട്ടയച്ചെന്നും പറയപ്പെടുന്നു.
കത്തിനശിച്ച കോച്ചില്‍ നടത്തിയ പരിശോധനയില്‍ പെട്രോളോ ഡീസലോ മണ്ണെണ്ണയോ ഉപയോഗിച്ചല്ല തീയിട്ടതെന്ന് കണ്ടെത്തിയിരുന്നു. സീറ്റ് കുത്തിക്കീറിയതിനു ശേഷം തീയിട്ടതാകാമെന്നാണ് നിഗമനം.