തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയയാള്‍ പോലീസിനു മുന്നില്‍ ഹാജരായി
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ വയറില്‍ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതി പോലീസിനു മുന്നില്‍ ഹാജരായി. കൊല്ലം സ്വദേശി സെന്തില്‍ കുമാറാണ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഇന്ന് വൈകുന്നേരത്തിനു മുന്‍പായി മെഡിക്കല്‍ കോളേജ് എസ്എച്ച്ഒയ്ക്കു മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
കഴിഞ്ഞ 24-ാം തിയതിയാണ് സംഭവമുണ്ടായത്. ബ്രെയിന്‍ ട്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ് അത്യാസന്ന നിലയില്‍ ഒന്നര മാസമായി ഐസിയുവില്‍ ചികിത്സയിലായിരുന്ന രോഗിയുടെ ഭര്‍ത്താവാണ് സെന്തില്‍. രോഗി മരിച്ചതായി അറിയിച്ച വനിതാ ഡോക്ടറെയാണ് ഇയാള്‍ ചവിട്ടി വീഴ്ത്തിയത്. സംഭവത്തില്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ ആരോപിച്ചിരുന്നു.
ഇതിനിടെ സെന്തില്‍ കുമാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാവണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയത്.