ഇറച്ചിക്കോഴികളെ പേടിക്കണം; കേരളത്തിലെ ഇറച്ചി കോഴികളിൽ അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി ഐസിഎംആറിലെ ശാസ്ത്രഞ്ജർ
കേരളത്തിലെ ഇറച്ചി കോഴികളിൽ അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി.ഐസിഎംആറിലെ ശാസ്ത്രഞ്ജർ നടത്തിയ പഠനത്തിലാണ് മരുന്നുകളെ അതിജീവിക്കുന്ന അപകടകാരികളായ ബാക്ടീരിയകളെ കണ്ടെത്തിയിരിക്കുന്നത് .ഐസിഎംആറിലെ ശാസ്ത്രജ്ഞൻ ഡോ. ഷോബി വേളേരിയുടെ നേതൃത്വത്തിൽ അജ്മൽ അസീം, പ്രാർഥി സാഗർ, എൻ സംയുക്തകുമാർ റെഡ്ഡി എന്നിവരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്.
ഹൈദരാബാദിലെ ഐസിഎംആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനു ഡ്രഗ്സ് സേഫ്റ്റി ഡിവിഷൻ ഒരു അന്താരാഷ്ട്ര ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ശ്വാസകോശ സംബന്ധമായ അണുബാധകൾ , മൂത്രനാളിയിലെ അണുബാധകൾ, ദഹനനാളത്തിലെ അണുബാധകൾ, ഇൻട്രാ-അബ്ഡോമിനൽ അണുബാധകൾ തുടങ്ങിയവയ്ക്കെല്ലാം ഇത് കാരണമായേക്കാം.കോഴികളുടെ വിസർജ്യങ്ങൾ ശേഖരിച്ച് ജീനോമിക് ഡിഎൻഎയെ വേർതിരിച്ചാണ് പഠനം നടത്തിയത്. ഇന്ത്യയിൽ ആൻറിബയോട്ടിക് ചികിത്സയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ഇ-കോളി, ക്ലോസ്ട്രിഡിയം പെർഫ്രിംഗൻസ്, ക്ലെബ്സിയെല്ല ന്യുമോണിയ സ്റ്റാഫൈലോകോക്കസ് ഓറിയസ്, എൻ്ററോകോക്കസ് ഫെക്കാലിസ്, സ്യൂഡോമോണസ് എരുഗിനോസ, ബാക്ടീരിയോഡ്സ് ഫ്രാഗിൾസ് തുടങ്ങിയ രോഗാണുക്കളും പഠനത്തിൽ കണ്ടെത്തി.പാകം ചെയ്താലും ചില ബാക്ടീരിയകൾ നിലനിൽക്കും എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി .കേരളത്തിന് പുറമേ, തെലങ്കാനയിൽനിന്നുള്ള സാമ്പിളുകളിലും ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.