ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസിന്റെ ടാസ്ക് ഫോഴ്സ്
ഉദയ് പൂരിൽ നടന്ന ചിന്തൻ ശിബിറിന് പിന്നാലെ 2024 ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസിന്റെ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. പാർട്ടിയിലെ അനുഭവ പരിചയമുള്ള മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദ്, ആനന്ദ് ശർമ, എന്നിവരെ ഉൾപ്പെടുത്തിയാണ് രാഷ്ട്രീയകാര്യ സമിതി പ്രഖ്യാപിച്ചത്.
വരുന്ന ഒക്ടോബർ ദിനത്തിൽ കന്യാകുമാരിയിൽ നിന്ന് തുടങ്ങുന്ന ഭാരത് ജോഡോ യാത്രയുടെ സംഘാടനത്തിനായി ഒമ്പത് അംഗ പ്ലാനിങ് കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. ചിന്തൻ ശിബിരിന്റെ സമാപനത്തിൽ വിവിധ കമ്മിറ്റികൾ പ്രാവർത്തികമാക്കുന്ന കാര്യം സോണിയ ഗാന്ധി പറഞ്ഞിരുന്നു. അതിന്റെ തുടർച്ചയായാണ് പുതിയ കമ്മിറ്റികൾ രൂപീകരിച്ചത്. രാഹുൽഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ, അംബികാ സോണി, കെ സി വേണുഗോപാൽ, ദിഗ്വിജയ് സിങ്, ജിതേന്ദ്രസിംഗ്, ആനന്ദ്ശർമ എന്നിവരാണ് രാഷ്ട്രീയ കാര്യ സമിതിയിലെ അംഗങ്ങൾ.
ടാസ്ക് ഫോഴ്സിലുള്ളത് എട്ട് അംഗങ്ങളാണ്. പി ചിദംബരം മുകുൾ വാസ്നിക്,ജയ്റാം രമേശ്, കെ സി വേണുഗോപാൽ, അജയ് മാക്കൻ, പ്രിയങ്കാ ഗാന്ധി, രൺദീപ് സിങ് സുർജേവാല, സുനിർ കനിഗൊലു എന്നിവരാണ്.
ടാസ്ക് ഫോഴ്സിലെ ഓരോ അംഗത്തിനും സംഘടന, മീഡിയ, പ്രചാരണം, ഫിനാൻസ്, തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ ചുമതലകൾ വീതിച്ചു നൽകും.
ദിഗ്വിജയ് സിങ്, സചിൻ പൈലറ്റ്, ശശിതരൂർ, രവ്നീത് സിങ് ബിട്ടു, സലിം അഹമ്മദ് എന്നിവരാണ് ഭാരത് ജോഡോ യാത്രയുടെ സംഘാടക സമിതി അംഗങ്ങൾ.
Content Highlight: Congress preperes task force for loksabha election.