കൊച്ചിയില്‍ മുന്നു വയസുകാരന് ഓടയില്‍ വീണ സംഭവത്തില്‍ കോര്പറേഷന് ഹൈക്കോടതിയുടെ വിമര്‍ശനം; മാപ്പു പറഞ്ഞ് കോര്പറേഷന് സെക്രട്ടറി
കൊച്ചി പനമ്പിള്ളി നഗറില്‍ മൂന്നു വയസുകാരന് ഓടയില്‍ വീണ സംഭവത്തില്‍ കോര്‍പറേഷനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഒരു കുട്ടി സൈക്കിളുമായി പുറത്തിറങ്ങിയാല്‍ സുരക്ഷിതമായി മടങ്ങിയെത്തുമെന്ന് ഉറപ്പുണ്ടോയെന്ന് കോടതി ചോദിച്ചു. സംഭവത്തില്‍ കോര്പറേഷന് സെക്രട്ടറി കോടതിയില്‍ ഹാജരായി ക്ഷമാപണം നടത്തി. നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
സംഭവത്തില്‍ ന്യായീകരണത്തിന് ശ്രമിക്കേണ്ടെന്ന് കോടതി സെക്രട്ടറിയോട് പറഞ്ഞു. നടുക്കമുണ്ടാക്കുന്ന സംഭവമാണ് നടന്നത്. ഇത്തരത്തില്‍ കാനകള്‍ നിര്‍മിച്ചത് ആരാണ്. കേരളത്തിലുടനീളം പല നടപ്പാതകളിലും ഇത്തരത്തിലുള്ള അപകടക്കെണികളുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. കൊച്ചിയില്‍ നടന്ന സംഭവത്തില്‍ കോര്‍പ്പറേഷനാണ് ഉത്തരവാദിത്വം. കൊച്ചി മെട്രോ നഗരമല്ലേ? കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു? എം.ജി റോഡിലടക്കം ഫുട്പാത്തിലൂടെ നടക്കാന്‍ കഴിയുന്ന അവസ്ഥയാണോ എന്ന് കോടതി ആരാഞ്ഞു.
ഓടകള്‍ രണ്ടാഴ്ചയ്ക്കകം അടയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്കി. അങ്ങനെ ചെയ്യാമെന്ന് കോര്പ്പറേഷന് സെക്രട്ടറി കോടതിയെ അറിയിച്ചു. ഡിസംബര്‍ രണ്ട് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു കടവന്ത്രയില്‍ നിന്ന് പനമ്പിള്ളി നഗറിലുള്ള വീട്ടിലേക്കു മടങ്ങുമ്പോള്‍ മൂന്ന് വയസുകാരന് ഓടയിലേക്കു വീണത്.