പ്രതിനിധിയോ ക്ഷണിതാവോ അല്ല; അനിത പുല്ലയില്‍ ലോക കേരളസഭയില്‍ എത്തിയതില്‍ അന്വേഷണം
അനിത പുല്ലയില്‍ ലോക കേരളസഭയില്‍ പ്രവേശിച്ച സംഭവത്തില്‍ അന്വേഷണം. പ്രതിനിധിയോ ക്ഷണിതാവോ അല്ലാതിരുന്നിട്ടും കര്‍ശന പരിശോധന മറികടന്ന് നിയമസഭാ മന്ദിരത്തില്‍ അനിത പ്രവേശിച്ചത് എങ്ങനെയാണെന്നാണ് അന്വേഷണം. ശങ്കരന്‍തമ്പി ഹാളിലായിരുന്നു ലോകകേരള സഭയുടെ പരിപാടികള്‍ നടക്കുന്നത്. സ്പീക്കര്‍ എം ബി രാജേഷിന്റെ നിര്‍ദേശം അനുസരിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
നിയമസഭാ സമുച്ചയത്തില്‍ പ്രവേശിച്ച അനിത പുല്ലയില്‍ സമ്മേളന പ്രതിനിധികളുമായി സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ഇവരുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടതോടെ വാച്ച് ആന്‍ഡ് വാര്‍ഡ് എത്തി പുറത്താക്കുകയായിരുന്നു. കര്‍ശന സുരക്ഷാ പരിശോധനകളായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ ഐഡി കാര്‍ഡ് പരിശോധിച്ച ശേഷമാണ് വേദിയിലേക്ക് കയറ്റിയത്. എന്നിട്ടും അനിത നിയമസഭാ സമുച്ചയത്തില്‍ പ്രവേശിക്കുകയും പ്രതിനിധികളുമായി സംസാരിക്കുകയും ചെയ്തതിലാണ് അന്വേഷണം.
സമ്മേളനം നടക്കുന്ന ശങ്കരന്‍തമ്പി ഹാളില്‍ ഇവര്‍ പ്രവേശിച്ചിട്ടില്ലെന്നാണ് കരുതുന്നത്. ഇവര്‍ പ്രതിനിധിയോ ക്ഷണിതാവോ അല്ലെന്ന് നോര്‍ക്ക ചെയര്മാന് പി ശ്രീരാമകൃഷ്ണന് പ്രതികരിച്ചു. അന്വേഷണത്തിന് ശേഷം മറ്റു കാര്യങ്ങളില്‍ വ്യക്തതയുണ്ടാകുമെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു. മോന്സണ് മാവുങ്കല്‍ പ്രതിയായ പോക്സോ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ അനിതയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇഡി കേസിലും ഇവരെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
Content Highlights: Anitha Pullayil, Assembly, Loka Kerala Sabha, M B Rajesh, Police