ഭക്ഷണം കൊടുത്തതിനെയല്ല വിമര്‍ശിച്ചത്; എം എ യൂസഫലിക്കെതിരെ കെ മുരളീധരന്
ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലിക്കെതിരെ കോണ്‍ഗ്രസ് നേതാവും ലോക്സഭാംഗവുമായ കെ മുരളീധരന്. യൂസഫലി കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കണമായിരുന്നുവെന്ന് മുരളീധരന് പറഞ്ഞു. ഭക്ഷണം കൊടുത്തതിനെയല്ല വിമര്‍ശിച്ചത്. ഗാന്ധി പ്രതിമയുടെ തലവെട്ടിയപ്പോള്‍ ഒരു സാംസ്കാരിക നായകരെയും കണ്ടില്ലെന്നും മുരളീധരന് പറഞ്ഞു. ലോകകേരളസഭയ്ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പരിപാടി ധൂര്‍ത്താണെന്ന ആരോപണമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്. പിന്നാലെ ലോകകേരള സഭയില്‍ വെച്ചു തന്നെ യൂസഫലി വിമര്‍ശനം ഉന്നയിക്കുകയായിരുന്നു.
സ്വന്തമായി ടിക്കറ്റെടുത്ത് വരുന്ന പ്രവാസികളെ താമസിപ്പിക്കുന്നത് ധൂര്ത്താണോയെന്നും പ്രവാസികളെ വിഷമിപ്പിക്കരുതെന്നും യൂസഫലി പറഞ്ഞു. ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്താണെന്ന് പറഞ്ഞതില്‍ വിഷമമുണ്ട്. ഗള്‍ഫില്‍ വരുമ്പോള്‍ കൊണ്ടുനടക്കുന്നത് പ്രവാസികളാണെന്നും യൂസഫലി പറഞ്ഞു. പ്രവാസികള്‍ക്കുള്ള ആദരവാണ് ലോക കേരളസഭയെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു. യൂസഫലിക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു.
പതിനാറ് കോടി ചെലവാക്കി ലോക കേരളസഭ സംഘടിപ്പിച്ചതിനെയാണ് ധൂര്‍ത്തെന്ന് വിളിച്ചതെന്ന് സതീശന് പറഞ്ഞു. എല്ലാത്തിനും പ്രോഗ്രസ് റിപ്പോര്‍ട്ടുള്ള മുഖ്യമന്ത്രിക്ക് ഇതില്‍ മാത്രം പ്രോഗ്രസ് റിപ്പോര്‍ട്ട് ഇല്ലാത്തതിനെയാണ് എതിര്‍ത്തത്. അല്ലാതെ പ്രവാസികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനെയല്ലെന്നും സതീശന് വ്യക്തമാക്കി.
Content Highlights: MA Yousafali, K Muraleedharan, Lulu Group, Loka Kerala Sabha