നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യര്‍ കോടതിയില്‍ ഹാജരായി
നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യര്‍ കോടതിയില്‍ ഹാജരായി. സാക്ഷി വിസ്താരത്തിനായാണ് ഉച്ചയ്ക്ക് 12 മണിയോടെ മഞ്ജു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായത്. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത തെളിയിക്കുന്നതിനായാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്.
ബാലചന്ദ്രകുമാര്‍ നല്കിയ തെളിവുകളിലെ ശബ്ദസന്ദേശങ്ങള്‍ തിരിച്ചറിയാന്‍ മഞ്ജു വാര്യരോട് ആവശ്യപ്പെട്ടേക്കും. മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് നേരത്തേ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു. വീണ്ടും വിസ്തരിക്കുന്നത് തെളിവുകളിലെ വിടവ് നികത്താനാണെന്നും പ്രോസിക്യൂഷന് ഉന്നയിക്കുന്ന കാര്യങ്ങള്‍ വ്യാജമാണെന്നും ദിലീപ് വാദിച്ചു.
അതേ സമയം ആരെ വിസ്തരിക്കണമെന്ന് പ്രതി നിശ്ചയിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ വിചാരണ വേഗം പൂര്‍ത്തിയാക്കി പുരോഗതി റിപ്പോര്‍ട്ട് മാര്‍ച്ച് 24നകം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.