ഊരൂട്ടമ്പലം തിരോധാനക്കേസില്‍ വഴിത്തിരിവ്; കാണാതായ വിദ്യയെയും കുഞ്ഞിനെയും പങ്കാളിയായ മാഹീന് കൊലപ്പെടുത്തി
തിരുവനന്തപുരം ഊരൂട്ടമ്പലം തിരോധാനക്കേസില്‍ വഴിത്തിരിവ്. 2011ല്‍ കാണാതായ വിദ്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. വിദ്യയുടെ പങ്കാളിയായിരുന്ന മാഹീന് കണ്ണാണ് ഇവരെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ മാഹീന്റെ ഭാര്യ റുഖിയയ്ക്കും പങ്കുണ്ടെന്നാണ് സൂചന. ഇവരെ രണ്ടു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
വിദ്യയെയും കുഞ്ഞിനെയും തമിഴ്നാട്ടില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയത്. ഇരുവരെയും കടലില്‍ തള്ളിയിട്ടതായി മാഹീന് സമ്മതിച്ചു. 11 വര്‍ഷത്തിനു ശേഷമാണ് കേസില്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പോലീസ് വരുത്തിയ വീഴ്ചയാണ് കേസ് ഇത്രയും നീളാന്‍ കാരണം.
മാറനല്ലൂരിലെ വീട്ടില്‍ നിന്ന് വിദ്യയെയും കുഞ്ഞിനെയും മാഹീന് വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. ഇവരെ വേളാങ്കണ്ണിക്ക് കൊണ്ടുപോകുകയാണെന്നായിരുന്നു മാഹീന് പോലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. അതേസമയം കാണാതായ ദിവസം മാഹീന് പൂവാറിലുണ്ടായിരുന്നതായി ഫോണ്‍ രേഖകള്‍ ലഭിച്ചിരുന്നു.
വിദ്യയെയും കുഞ്ഞിനെയും കാണാതായ സംഭവത്തില്‍ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച മാഹീനെ പോലീസ് പറഞ്ഞയക്കുകയായിരുന്നു. വിദ്യയെയും കുഞ്ഞിനെയും മൂന്നു ദിവസത്തിനുള്ളില്‍ കൊണ്ടുവരാമെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. പിന്നീട് കാര്യമായി അന്വേഷിക്കാതെ ഉപേക്ഷിച്ച കേസ് മൂന്നു വര്‍ഷം മുന്‍പാണ് വീണ്ടും പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്.
ഐഎസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വിദ്യയുടെ തിരോധാനം സംബന്ധിച്ച ഫയല്‍ ഉയര്‍ന്നു വരികയും നിര്‍ണായക വിവരങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുകയുമായിരുന്നു.