സ്വപ്ന സുരേഷ് തന്നെ കണ്ടിട്ടുണ്ടെന്ന് പി സി ജോര്‍ജ്; സ്വപ്ന നല്കിയ കത്ത് പുറത്തുവിട്ടു
സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതികരണവുമായി പി സി ജോര്‍ജ്. സ്വപ്ന തന്നെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ വന്ന് കണ്ടിട്ടുണ്ട്. എന്നാല്‍ സ്വപ്ന തന്നെ കണ്ടത് ഗൂഢാലോചനയ്ക്കല്ലെന്നും ജോര്‍ജ് പറഞ്ഞു. സ്വപ്ന നല്കിയ കത്തും ജോര്‍ജ് പുറത്തുവിട്ടു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് കത്ത് എഴുതി നല്‍കിയത്. കത്തില്‍ ശിവശങ്കറിന് എതിരെ ആരോപണങ്ങളുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ സ്വപ്ന ഉയര്‍ത്തിയ ആരോപണങ്ങള്‍ പി സി ജോര്‍ജ് ആവര്‍ത്തിച്ചു. മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കാളിത്തമുണ്ട്. കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി രാജ്യത്തിന അപമാനമാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വപ്നയോട് ഒരു ബാഗ് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ബാഗ് സ്കാന്‍ ചെയ്തപ്പോള്‍ നോട്ടുകെട്ടുകള്‍ കണ്ടു. കള്ളക്കടത്ത് നടത്താന്‍ കോണ്‍സുല്‍ ജനറല്‍ എക്സ് കാറ്റഗറി സുരക്ഷ നല്‍കിയെന്നും ജോര്‍ജ് ആരോപിച്ചു.
സരിതയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെ ജോര്‍ജ് ന്യായീകരിച്ചു. സരിതയുമായി ഫോണില്‍ സംസാരിച്ചതില്‍ എന്താണ് പ്രത്യേകത. എത്ര കൊല്ലമായി സരിതയുമായി സംസാരിക്കുന്നു. ചക്കരപ്പെണ്ണേ എന്നാണ് സരിതയെ വിളിക്കുന്നത്. എട്ടു വര്‍ഷമായി സരിതയെ അറിയാം. തന്റെ കൊച്ചുമകളെ വിളിക്കുന്നതും അങ്ങനെ തന്നെയാണ്. തന്നെ നശിപ്പിച്ച രാഷ്ട്രീയ നരാധമന്മാര്ക്കെതിരെ പോരാടുന്ന പെണ്‍കുട്ടിയാണ് സരിതയെന്നും ജോര്‍ജ് പറഞ്ഞു.
Content Highlight: P C George, Swapna Suresh, Saritha Nair, Gold Smuggling Case