ആല്‍ബര്‍ട്ട് ആന്റണിയെ കാണാതായിട്ട് മൂന്നുദിനം; ആധിയോടെ കുടുംബം
കപ്പല്‍ ജീവനക്കാരനായ മാലക്കല്ലിലെ ആല്‍ബർട്ട് ആന്റണിയെ ആഴക്കടലില്‍ കാണാതായിട്ട് മൂന്നുദിനം.
എന്തുചെയ്യണമെന്നുപോലും അറിയാതെ കുടുംബം. ആല്‍ബർട്ടിനെ കണ്ടെത്താൻ കഴിഞ്ഞ രണ്ടുദിവസമായി മൂന്ന് കപ്പലുകള്‍ ആഴക്കടലില്‍ നടത്തിയ തിരച്ചിലും ഫലം കണ്ടില്ല. ഞായറാഴ്ച ഉച്ചയോടെ കപ്പലുകള്‍ നടത്തിവന്ന തിരച്ചില്‍ നിർത്തിയതായുള്ള വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇതോടെ കൂടുതല്‍ ആശങ്കയിലായിരിക്കുകയാണ് കുടുംബം. വിവരമറിഞ്ഞ് എം.എല്‍.എ.മാരായ ഇ.ചന്ദ്രശേഖരൻ, എം.രാജഗോപാലൻ എന്നിവർ കഴിഞ്ഞദിവസം വീട്ടിലെത്തിയിരുന്നു.
മുഖ്യമന്ത്രിയുമായി സംസാരിച്ച് ആവശ്യമായ ഇടപെടല്‍ നടത്താമെന്ന് ഇരുവരും കുടുംബത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, എം.പി.മാരായ രാജ്മോഹൻ ഉണ്ണിത്താൻ, ജോസ് കെ.മാണി എന്നിവരുടെ സഹായത്തോടെ കേന്ദ്രസർക്കാർ തലത്തിലും ഇടപെടല്‍ ശക്തമാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. സിനർജി മാരിടൈം കമ്ബനിയുടെ എം.വി.ട്രൂ കോണ്‍റാഡ് എന്ന ചരക്കുകപ്പലിലെ ഡെക്ക് ട്രെയ്നി കേഡറായിരുന്ന ആല്‍ബർട്ടിനെ വെള്ളിയാഴ്ചയാണ് കൊളംമ്ബോ തുറമുഖത്തുനിന്ന് 300 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് കപ്പലില്‍നിന്ന് കാണാതായത്.
തുടർന്ന് കമ്ബനി അധികൃതർ കഴിഞ്ഞദിവസം വീട്ടിലെത്തി വിവരം ഔദ്യോഗികമായി കുടുംബത്തിന് കൈമാറിയിരുന്നു. കാണാതായ മേഖലയില്‍ തിരച്ചില്‍ തുടരുന്നതായും അറിയിച്ചിരുന്നു. ചൈനയില്‍നിന്ന് ബ്രസീലിലേക്ക് പോകുകയായിരുന്നു കപ്പല്‍. കഴിഞ്ഞ ഏപ്രില്‍ 15-നാണ് ആല്‍ബർട്ട് ആന്റണി കപ്പലില്‍ ജോലിയില്‍ പ്രവേശിച്ചത്.