ദിലീപ് നായകനാകുന്ന ചിത്രത്തിൽ കലാസംവിധായകൻ ചതുപ്പ് നിലത്തിൽ താഴ്ന്നു
കൊച്ചി: സിനിമയുടെ ലൊക്കേഷൻ തേടിയെത്തിയ കലാസംവിധായകൻ ചതുപ്പ് നിലത്തിൽ താഴ്ന്നു. താഴുന്നത് കണ്ട വഴിയാത്രക്കാരൻ യാത്രക്കാരനാണു അഗ്നിരക്ഷാ സേനയെ അറിയിച്ചെത് രക്ഷയായി. പുതുവൈപ്പ് എൽഎൻജി ടെർമിനലിന് മുൻപിലുള്ള പൈലിങ് ചെളിനിറഞ്ഞ ചതുപ്പ് നിലത്തിലാണ് യുവാവ് താഴ്ന്നത്.
സിനിമയുടെ ലൊക്കേഷൻ തേടിയെത്തിയ മലപ്പുറം കെ പുരം മുളക്കിൽ നിമേഷാണു ചതുപ്പുനിലത്തിൽ ഇറങ്ങിയ ഉടനെ താഴ്ന്നു പോയത്. ദിലീപ് നായകനാകുന്ന ‘ഭ ഭ ബ’ (ഭയം ഭക്തി ബഹുമാനം) യുടെ ചിത്രീകരണത്തിനായി ലൊക്കേഷൻ പരിശോധിക്കാൻ എത്തിയതായിരുന്നു നിമേഷ്.
ഈ സമയം അതുവഴി പോയ യാത്രക്കാരൻ സംഭവം കാണുകയും അഗ്നിരക്ഷാസേനയെ ഫോൺ ചെയ്യുകയുമായിരുന്നു. അഗ്നി രക്ഷാസേന എത്തി കാൽമുട്ടു വരെ ചെളിയിൽ പുതഞ്ഞു താഴുകയായിരുന്ന നിമേഷിനെ ഉടനെ പുറത്തെടുത്തു.
യാത്രക്കാരൻ കണ്ടില്ലായിരുന്നെങ്കിൽ ദുരന്തം സംഭവിക്കുമായിരുന്നു. പുറമേ ചെളി ഉറച്ചു കിടക്കുന്നതായി തോന്നുമെങ്കിലും അതിലിറങ്ങിയാൽ താഴ്ന്നുപോകും. ഇതു ചൂണ്ടിക്കാട്ടുന്ന മുന്നറിയിപ്പ് ബോർഡ് ഇല്ലാതിരുന്നതാണ് അപകടത്തിനിടയാക്കിയത്.