യുവതി മരിച്ച സംഭവം; അല്ലു അർജുനെ ഇന്ന് ചോദ്യം ചെയ്യും
പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ നടൻ അല്ലു അർജുന് പൊലീസിന്റെ നോട്ടീസ്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് അയച്ചത്. ഡിസംബർ 13ന് അറസ്റ്റിലായ നടന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
അല്ലു അർജുൻ നായകനായ പുഷ്പ 2 ന്റെ പ്രീമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിലാണ് കേസെടുത്തത്. ഡിസംബർ 4നു ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലായിരുന്നു സംഭവം.
അതേസമയം കഴിഞ്ഞ ദിവസം അല്ലു അർജുന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. താരത്തിന്റെ ജൂബിലി ഹില്‍സിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആളുകളാണ് വീടിനു കല്ലെറിഞ്ഞത്.