രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ് നടപ്പാക്കി ഉത്തരാഖണ്ഡ്, യുസിസി പോർട്ടൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
രാജ്യത്ത് ആദ്യമായി ഏക സിവില്‍ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ്. മുഖ്യമന്ത്രി പുഷ്കർ ധാമി യുസിസി പോർട്ടല്‍ ഉദ്ഘാടനം ചെയ്തു.ഉത്തരാഖണ്ഡ് സ്വദേശികളായ എല്ലാ വ്യക്തികള്‍ക്കും ഭരണഘടനാപരമായും പൗരൻ എന്ന നിലയിലും എല്ലാവർക്കും ഒരേനിയമം പ്രദാനം ചെയ്യുന്നുവെന്നും എല്ലാ മതവിഭാഗങ്ങളിലും പെട്ട വനിതകള്‍ക്കും തുല്യത ഉറപ്പാക്കുന്നതുമാണ് നിയമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത യുസിസി പോർട്ടലില്‍ വിവാഹ രജിസ്ട്രേഷന്, വിവാഹ മോചനം രജിസ്ട്രേഷൻ, ലിവ് ഇൻ റിലേഷൻ രജിസ്ട്രേഷൻ, ലിവ് ഇൻ റിലേഷൻ അവസാനിപ്പിക്കാനുള്ള രജിസ്ട്രേഷൻ, അപ്പീല്‍, പരാതി രെജിസ്ട്രേഷൻ, രജിസ്ട്രേഷൻ വിവരങ്ങള്‍ എന്നിവക്കായി സംവിധാനം ഒരുക്കിയിട്ടുണ്ട്.ഇന്ന് ഉച്ചയ്ക്കാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി യു സിസി പോർട്ടല്‍ ഉദ്ഘാടനം ചെയ്തത് . വർഗീയ വിഭജനമാണ് ബി ജെ പി ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് വിമർശിച്ചു.
ബഹുഭാര്യാത്വം, മുത്തലാക്, ബാല വിവാഹം, ഹലാല എന്നിവ പൂർണമായും നിരോധിച്ചു. ലിവ് ഇൻ റിലേഷൻ ഷിപ്പിലടക്കം ജനിക്കുന്ന കുട്ടികള്‍ക്കും സ്വത്തില്‍ തുല്യ അവകാശം ഉറപ്പാക്കും. വ്യക്തിയുടെ മരണശേഷം വില്പത്രം ഇല്ലെങ്കില്‍ മക്കള്‍, ഭാര്യ, മാതാപിതാക്കള്‍ എന്നിവർക്കായിരിക്കും തുല്യ അവകാശം. ലിവ് ഇൻ റിലേഷൻഷിപ്പ് രജിസ്ട്രേഷൻ വിവരങ്ങള്‍ അവരുടെ മാതാപിതാക്കളെ അറിയിക്കും, സ്വകാര്യവിവരങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും. ലിവ് ഇൻ റിലേഷൻഷിപ്പില്‍ ഏർപ്പെടുന്നവരുടെ സുരക്ഷിതത്വം ഏറ്റവും പ്രധാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലിവ് ഇന്‍ ബന്ധത്തില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്കും എല്ലാ അവകാശങ്ങളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു.കഴിഞ്ഞ വർഷമാണ് ഉത്തരാഖണ്ഡ് നിയമസഭ യു സി സി ബില്‍ പാസാക്കിയത്. കഴിഞ്ഞ വർഷം തന്നെ രാഷ്ട്രപതി ബില്ലിന് അനുമതി നല്കി. കഴിഞ്ഞ ബുധനാഴ്ച സർക്കാർ ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കി.
ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്റെ പരിധിയില്‍ നിന്നും നിലവില്‍ ഒഴിവാക്കിയിട്ടുണ്ട്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം മുതലായവയില്‍ സംസ്ഥാനത്തെ എല്ലാവർക്കും ഒറ്റ നിയമമാകും ഇന്ന് മുതല്‍ ബാധകമാക്കുക. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിന്റെ പരിധിയില്‍ വരും.
ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യു സി സി പോർട്ടലില്‍ രജിസ്റ്റർ ചെയ്യണം. സ്ത്രീകള്‍ക്കും പുരുഷൻമാർക്കും തുല്യമായ സ്വത്തവകാശം, ലിവിംഗ് ടുഗെദർ ബന്ധത്തിലേർപ്പെടുന്നവർക്കും രജിസ്ട്രേഷൻ നിർബന്ധം, എന്നിവയാണ് നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍. ഇത്തരത്തിൽ രജിസ്റ്റർ ചെയ്തവ ഒഴിവാക്കുമ്പോളും അതും പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്നും വ്യവസ്ഥയുണ്ട് . എല്ലാതരം വിവേചനങ്ങളും ഇല്ലാതാക്കുകയാണ് യു സി സിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ പക്ഷം.
അതേസമയം യു സി സിക്കെതിരെ പ്രതിപക്ഷം ശക്തമായ എതിർപ്പ് തുടരുകയാണ്. യു സി സി നടപ്പാക്കുക അസാധ്യമാണെന്നും, മതാടിസ്ഥാനത്തില്‍ ആളുകളെ വിഭജിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നാളെ പ്രധാനമന്ത്രി സംസ്ഥാനത്തെത്താനിരിക്കെയാണ് നടപടികള്‍ ഇന്ന് പൂർത്തിയാക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം ബി ജെ പിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനായി ബി ജെ പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും ബി ജെ പി, യു സി സി ഉയർത്തിക്കാട്ടിയുള്ള പ്രചാരണം ഇനി സജീവമാക്കിയേക്കും.