അഫ്ഗാന് 112ന് പുറത്ത്; ഇന്ത്യന്‍ ജയം ഇന്നിങ്സിനും 300 റണ്‍സിനും
അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റില്‍ ഇന്ത്യക്ക് ആധികാരിക ജയം. ഒന്നാം ഇന്നിങ്സില്‍ 152 റണ്‍സിന് പുറത്തായി ഫോളോ ഓണ്‍ ചെയ്ത അഫ്ഗാന് ബാറ്റിങ് നിരയുടെ രണ്ടാം ഇന്നിങ്സ് 112 റണ്‍സില്‍ അവസാനിച്ചു. ആദ്യ ഇന്നിങ്സില്‍ ആറ് വിക്കറ്റുമായി അരങ്ങേറ്റ താരം മാനവ് സുതര്‍ തിളങ്ങിയപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് പിഴുത വാഷിങ്ടന്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവ് എന്നിവരാണ് കളം വാണത്. ഇന്നിങ്സിനും 300 റണ്‍സിനുമാണ് ആതിഥേയര്‍ ജയം പിടിച്ചത്. സ്കോര്‍: ഇന്ത്യ 8ന് 564, അഫ്ഗാനിസ്ഥാന് – 152 & 112.
രണ്ടാം ഇന്നിങ്സില്‍ അഫ്ഗാന് നിരയിലെ മൂന്ന് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം തികച്ചത്. 42 റണ്‍സ് നേടിയ ഓപണര്‍ സിദ്ദിക്കുല്ല അതലാണ് ടോപ് സ്കോറര്‍. റഹ്മാനുല്ല ഗുര്‍ബാസ് 24ഉം റഹ്മത്ത് ഷാ 13ഉം വീതം റണ്‍സ് നേടി. ശേഷിച്ചവര്‍ പിടിച്ചുനില്‍ക്കാനാകാതെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ മുട്ടുമടക്കി. ആദ്യ ഇന്നിങ്സിലെ ടോപ് വിക്കറ്റ് ടേക്കറായ മാനവ് സുതര്‍, വെറ്ററന്‍ താരം മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് വിജയമാണിത്.








