സോളാര്‍ എനര്‍ജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ദ്ധര്‍

കൊച്ചി: പുനരുപയോഗ ഊര്‍ജ്ജ സ്രോതസായ സോളാര്‍ എനര്‍ജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് കൊച്ചിയില്‍ നടന്ന സൂര്യകോണ്‍-ഡീകാര്‍ബണൈസ് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. വ്യക്തിഗത ഭവനങ്ങളിലും സ്ഥാപനങ്ങളിലും സോളാര്‍ റൂഫിങ് പദ്ധതി ഉറപ്പാക്കിയാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുവാനും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുവാന്‍ സാധിക്കുമെന്നും വിദഗ്ദ്ധര്‍ പറഞ്ഞു. സോളാര്‍ പാനല്‍ ഗ്രിഡിന്റെ ഗുണനിലവാരം സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഗുണനിലവാര പരിശോധനയ്ക്ക് ഉപഭോക്തൃ ബോധവത്കരണം അനിവാര്യമാണ്. ഭാരിച്ച വൈദ്യുതി ബില്‍ ഒഴിവാക്കുവാന്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
സോളാര്‍ എനര്‍ജി മേഖലയിലെ പ്രമുഖ പ്രസിദ്ധീകരണമായ ഇ.ക്യു ഇന്റല്‍ ഹോട്ടല്‍ താജ് വിവാന്തയില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ മുന്‍ എം.പിയും ഇന്ത്യന്‍ സോളാര്‍ അസോസിയേഷന് പ്രസിഡന്റുമായ സി. നരസിംഹന്,അനര്‍ട്ട് അഡീഷണല്‍ ചീഫ് ടെക്നിക്കല്‍ മാനേജര്‍ ഡോ. അജിത് ഗോപി, കേരള എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ആര് ഹരികുമാര്‍,കെഎസ്ഇബി പി.എം സൂര്യഘര്‍ പ്രോജക്ട് നോഡല്‍ ഓഫീസര്‍ നൗഷാദ് എസ്, കേരള എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ് സംസ്ഥാന മേധാവി സൂരജ് കാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. സസ്റ്റെയ്നബിലിറ്റി ആന്‍ഡ് ഡീകാര്ബണൈസേഷന്, യൂട്ടിലിറ്റി സ്കെയില്‍ സോളാര്‍, ഡിസ്ട്രിബ്യൂട്ടഡ് സോളാര്‍, മാനുഫാക്ചറിങ് ആന്‍ഡ് ടെക്നോളജി എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പാനല്‍ ചര്‍ച്ചയില്‍ അദാനി സോളാര്‍ റീജിയണല്‍ മേധാവി പ്രശാന്ത് ബിന്ധൂര്, സോവ സോളാര്‍ സൗത്ത് മാര്‍ക്കെറ്റിങ് വി.പി സൗരവ് മുഖര്‍ജി തുടങ്ങിയ സോളാര്‍ എനര്‍ജി വ്യവസായ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. തുടര്‍ന്ന് ഈ വര്‍ഷം സോളാര്‍ മേഖലയില്‍ വൈദഗ്ദ്ധ്യം തെളിയിച്ചവര്‍ക്കുള്ള പുരസ്കാരവും വിതരണം ചെയ്തു.