അരവിന്ദ് കെജ്രിവാളിനെതിരെ വർഗീയ പോസ്റ്റ്; ബിജെപി വക്താവ് തേജീന്ദർ പാൽ ബഗ്ഗയെ ഡൽഹിയിലെത്തി അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ്
അരവിന്ദ് കെജ്രിവാളിനെതിരെ വർഗീയച്ചുവയുള്ള ട്വീറ്റ് ചെയ്ത ബിജെപി വക്താവും യുവമോർച്ച ദേശീയ സെക്രട്ടറിയുമായ തേജീന്ദർ പാൽ ബഗ്ഗ അറസ്റ്റിൽ. ഇന്നു പുലർച്ചെ വെസ്റ്റ് ഡൽഹിയിലെ വസതിയിലെത്തിയാണ് ബഗ്ഗയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കശ്മീർ ഫയൽസ് സിനിമയെക്കുറിച്ചുള്ള കെജരിവാളിന്റെ നിലപാടുകൾക്കെതിരെ ബഗ്ഗ പ്രസിദ്ധീകരിച്ച ട്വീറ്റിന്റെ പേരിൽ ഇയാൾക്കെതിരെ ഒരുമാസം മുൻപ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് നടപടി.
പുലർച്ചെ അഞ്ചുമണിയോടെ ഡൽഹി ജനക്പുരി പൊലീസ് സ്റ്റേഷനിലെത്തിയ പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥർ തേജീന്ദർ പാൽ ബഗ്ഗയെ അറസ്റ്റ് ചെയ്യാൻ സഹായം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പതിനഞ്ചോളം പൊലീസുകാരെത്തിയാണ് ബഗ്ഗയെ കസ്റ്റഡിയിലെടുത്തത്.
ആം ആദ്മി പാർട്ടിയുടെ ലോക്സഭാ ചുമതലയുള്ള നേതാവ് സണ്ണി സിങ് അഹ്ലുവാലിയ നൽകിയ പരാതിയിലാണ് ബഗ്ഗയ്ക്കെതിരെ കേസെടുത്തത്. കശ്മീർ ഫയൽസ് സിനിമയുമായി ബന്ധപ്പെട്ട പ്രതികരണത്തിന്റെ പേരിൽ അരവിന്ദ് കെജ്രിവാളിനെ അപായപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന ട്വീറ്റുകൾ ബഗ്ഗ പോസ്റ്റ് ചെയ്തു എന്നായിരുന്നു പരാതി. പരാതിയിലെ എഫ്ഐആർ ആദ്യം ചണ്ഡീഗഢ് ഹൈക്കോടതി വഴി ചോദ്യം ചെയ്യപ്പെട്ടെങ്കിലും ബഗ്ഗയുടെ മറ്റു നിരവധി വർഗീയ പോസ്റ്റുകൾക്കെതിരെ വേറേയും പരാതികൾ കിട്ടിയിട്ടുണ്ടെന്ന് പഞ്ചാബ് പൊലീസ് ഹൈക്കോടതിയെ ധരിപ്പിക്കുകയായിരുന്നു.
തൃജീന്ദർ പാൽ ബഗ്ഗയ്ക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ -ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുക, 505- പൊതുസമൂഹത്തിന് ശല്യമുണ്ടാക്കുക, 505(2)- വിവിധ വർഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന പ്രസ്താവന നടത്തുക, 506- ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, ബഗ്ഗയുടെ അറസ്റ്റിനെ വിമർശിച്ച് നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തി.
“തേജീന്ദർ ബഗ്ഗയെ പഞ്ചാബ് പൊലീസിലെ അൻപതോളം പേരെത്തിയാണ് അറസ്റ്റ് ചെയ്തത്. അവർക്ക് അദ്ദേഹത്തെ ഭയപ്പെടുത്താൻ കഴിയില്ല, കാരണം
അദ്ദേഹം ശരിക്കും സിഖുകാരനാണ്.” എന്നായിരുന്നു ബിജെപി നേതാവ് കപിൽ മിശ്രയുടെ പ്രതികരണം.
രാഷ്ട്രീയ എതിരാളികളെ നേരിടാൻ പഞ്ചാബ് പൊലീസിനെ ദുരുപയോഗം ചെയ്യുന്ന അരവിന്ദ് കെജ്രിവാളിന്റെ ലജ്ജാരഹിതമായ നടപടി അപ്രതീക്ഷിതമല്ലെന്നായിരുന്നു ബിജെപി ഐടി സെൽമേധാവി അമിത് മാളവ്യയുടെ പ്രതികരണം.
ഭഗത് സിങ് ക്രാന്തി സേന എന്ന തീവ്രവലതുപക്ഷ സംഘടനയുടെ തലവനായിരുന്ന തേജീന്ദർ പാൽ ബഗ്ഗ ട്വിറ്ററിലൂടെ നിരന്തരം വർഗീയച്ചുവയുള്ള പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നയാളാണ്. മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണെ അദ്ദേഹത്തിന്റെ ചേംബറിൽ കയറി മർദിച്ചതോടെയാണ് ബഗ്ഗ വാർത്തകളിൽ നിറയുന്നത്. പിന്നീട് ബിജെപി ഇയാളെ പാർട്ടി വക്താവായി നിയമിക്കുകയായിരുന്നു.
Content Highlight: Tejinder Pal Bagga arrested by Punjab police over hatred post against Arvind Kejriwal.