ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്
ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ ഇന്ന് തെരഞ്ഞെടുക്കും. എൻ.ഡി.എ സ്ഥാനാർഥി ജഗ്ദീപ് ധൻകറും പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവയുമാണ് മത്സരിക്കുന്നത്. രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ചു വരെ പാർലമെന്റ് ഹൗസിൽ ആണ് വോട്ടെടുപ്പ് നടക്കുക. രാത്രിയോടെ ഫലം പ്രഖ്യാപിക്കും.
പാർലമെന്റിന്റെ ഇരുസഭയിലെയും അംഗങ്ങളായ 788 പേരാണു വോട്ടർമാർ. രാജ്യസഭയുടെ ചെയർപേഴ്സൺ ഉപരാഷ്ട്രപതിയാണ്. നിലവിലെ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവിന്റെ കാലാവധി ഈ മാസം പത്തിന് അവസാനിക്കും. എൻഡിഎ ഇതര കക്ഷികളായ ബിഎസ്പി, ബിജെഡി, വൈഎസ്ആർസി എന്നിവയുടെ പിന്തുണ ജഗദീപ് ധൻകറിനുണ്ട്. ഭരണപക്ഷമായ എൻഡിഎക്കു ഇരു സഭകളിലെയും എംപിമാരുടെ അംഗബലം കണക്കിലെടുക്കുമ്പോൾ ജയമുറപ്പാണ്.
വ്യാഴാഴ്ച പുതിയ ഉപരാഷ്ട്രപതി ചുമതലയേൽക്കും. ഇരുസഭയിലെയും 780 എംപിമാർ അടങ്ങുന്നതാണ് ഇലക്ടറൽ കോളജ്. ലോക്സഭയിൽ നിലവിലുള്ളത് 543 എംപിമാരും രാജ്യസഭയിൽ നാമനിർദേശം ചെയ്യപ്പെട്ട ഒമ്പത് പേരടക്കം 237 എംപിമാരുമാണ്. 391 ലേറെ വോട്ടാണ് ജയിക്കാനാവശ്യം. ലോക്സഭയിൽ 303ഉം രാജ്യസഭയിൽ 91ഉം അംഗങ്ങൾ ബിജെപിക്ക് മാത്രമായുണ്ട്.
36 എംപിമാരുള്ള തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുന്നത് മാർഗരറ്റ് ആൽവയ്ക്കു തിരിച്ചടിയാണ്. വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷ കൂട്ടായ്മയ്ക്ക് തിരിച്ചടിയാണ്. തൃണമൂലിനുള്ളത് 43 എംപിമാരാണ്.
Content highlights – India vice president election 2022