ഇന്നും കനത്ത മഴ, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയെ തുടർന്ന് പാലക്കാട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
തീരദേശത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിലും കേരള തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദവും തമിഴ്നാട് തീരം വരെയുള്ള ന്യൂനമർദ്ദ പാത്തിയുമാണ് നിലവിലെ കനത്ത മഴയ്ക്ക് കാരണം. അതേസമയം, ബംഗാൾ ഉൾക്കടലിൽ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്. ഒക്ടോബർ 27-ഓടെ ഇത് അതിതീവ്ര ചുഴലിക്കാറ്റായി മാറി തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.













