നേപ്പാള്‍ മിന്നല്‍ പ്രളയം; മരണസംഖ്യ 1050 ആയി, രക്ഷാപ്രവർത്തനം ആറാംദിനം പിന്നിടുന്നു
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ 1050 ആയി. 3,916 പേരെ ആണ് നിലവില്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 11,993 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം ഇന്ന് ആറാം ദിനം പിന്നിടുകയാണ്. നിരവധി വിദേശ പൗരന്മാരെ ഇനിയും കണ്ടെത്താന്‍ ഉണ്ടെന്നതും ആശങ്കയാണ്.
നേപ്പാളില്‍ മഞ്ഞുമല തകര്‍ന്നുണ്ടായ മിന്നല്‍ പ്രളയം കാലാവസ്ഥാ വ്യതിയാനം മൂലം ഹിമാലയന്‍ രാജ്യത്തിനു നേരിടേണ്ടിവരുന്ന വര്‍ധിച്ചുവരുന്ന ഭീഷണികളെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്ന് വിദേശകാര്യ മന്ത്രി ശിശിര്‍ ഖനല്‍ പറഞ്ഞു. മഞ്ഞുവെള്ളവും പാറക്കല്ലുകളും അവശിഷ്ടങ്ങളും ചേര്‍ന്ന് സുനാമിക്ക് സമാനമായ തിരമാലയായി കുത്തിയൊലിച്ചെത്തി വന്‍ നാശനഷ്ടങ്ങള്‍ വിതച്ച സംഭവത്തിന് ഒരാഴ്ച പിന്നിടുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.













