വീണ്ടും ചെള്ളുപനി മരണം; മരിച്ചത് തിരുവനന്തപുരം പാറശാല സ്വദേശിനി
തിരുവനന്തപുരത്ത് വീണ്ടും ചെള്ളുപനി മരണം. പാറശാല പരശുവയ്ക്കല്‍ അമ്പാടി സ്വദേശി സുബിത (38) ആണ് മരിച്ചത്. ഒരാഴ്ചയിലേറെയായി തമിഴ്നാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിപുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
സുബിതയ്ക്ക് ചെള്ളുപനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിസരത്തെ 68ല്‍ പരം വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ ആളുകളില്‍ രോഗബാധ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.
സംസ്ഥാനത്തെ രണ്ടാമത്തെ ചെള്ളുപനി മരണമാണ് ഇത്. വ്യാഴാഴ്ച വര്‍ക്കല സ്വദേശിനിയായ 15 കാരി ചെള്ളുപനി ബാധിച്ച് മരിച്ചിരുന്നു. വര്‍ക്കല മരടുമുക്ക് സ്വദേശിനി അശ്വതിയായിരുന്നു മരിച്ചത്. എസ്എസ്എല്‍സി ഫലം കാത്തിരിക്കെയാണ് മരണം. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ആദ്യ ചെള്ളുപനി മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
Content Highlights: Scrub Typhus, Death, Health Department, Health Minister