ആഫ്രിക്കൻ പന്നിപ്പനി പടരുന്നു; മുന്നറിയിപ്പുമായി കേന്ദ്രം
വടക്കുകിഴക്കൻ ഇന്ത്യയിലും ബിഹാറിലും ആഫ്രിക്കൻ പന്നിപ്പനി പടരുന്നു. രോഗം പടരുന്ന സാഹചര്യത്തിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രോഗപകർച്ചയുള്ള സ്ഥലങ്ങളിൽ ഇറച്ചി വില്പന നിരോധിച്ചതോടെ ഇവയ്ക്ക് വിലകുറഞ്ഞു. ഈ സാഹചര്യത്തിൽ നിസ്സാരവിലയ്ക്ക് ഇവിടങ്ങളിൽനിന്ന് പന്നികളെ കടത്തിക്കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് സൂചന നൽകി. സംസ്ഥാനത്തിന് ഇതുസംബദ്ധിച്ച കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണറുടെ കത്ത് ലഭിച്ചു.
വളരെ വേഗത്തിലാണ് പന്നികളിൽ രോഗം പടരുന്നത്. കുത്തിവെപ്പോ മറ്റു പ്രതിരോധമരുന്നുകളോ ഇല്ലാത്തതു മൂലം രോഗംബാധിച്ച പന്നികൾ കൂട്ടത്തോടെ ചാവുന്നു. കഠിനമായ പനി, വയറിളക്കം, തീറ്റയെടുക്കാതിരിക്കൽ, അമിതമായ രക്തസ്രാവം എന്നിവയാണ് രോഗം ബാധിച്ച പന്നികളുടെ ലക്ഷണങ്ങൾ. പ്രതിരോധ മരുന്നോ കുത്തിവെപ്പോ ഇല്ലാത്തതിനാൽ രോഗം ബാധിച്ചവയെ കൊന്നുകളയുകയാണു ചെയ്യുക. ചെക്ക്പോസ്റ്റുകളിലും അതിർത്തി പങ്കിടുന്ന മറ്റു സംസ്ഥാനങ്ങളിലും മൃഗസംരക്ഷണവകുപ്പിന്റെ കർശന പരിശോധന വേണമെന്നും കേന്ദ്ര മൃഗസംരക്ഷണവകുപ്പ് കമ്മിഷണർ നിർദേശിച്ചു.
പന്നികളെ ഏറ്റവും കൂടുതൽ വളർത്തുന്നത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ്. ഇന്ത്യയിലാദ്യമായി അസമിലാണ് ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ ഒരുലക്ഷത്തോളം വളർത്തു പന്നികളുണ്ടെന്നാണ് കണക്ക്. പന്നികളിൽ മാത്രം കണ്ട് വരുന്ന രോഗമായതിനാൽ മറ്റു മൃഗങ്ങളിലേക്ക് പകരിലെന്നും ചെള്ളുവഴി പന്നികളിൽ നിന്ന് പന്നികളിലേക്ക് പകരുമെന്നും പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിലെ ഡോക്ട്ടർമാർ പറയുന്നു. പന്നികളെ അയൽസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരരുതെന്ന് കേരളം കർഷകർക്ക് നിർദേശം നൽകി.
Content Highlights – African swine fever, Contagious, viral disease