ഹാമിദ് അൻസാരിക്കെതിരായ ദുഷ്പ്രചാരണങ്ങള് അവസാനിപ്പിക്കണമെന്ന് കോണ്ഗ്രസ്
മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിക്കെതിരെ ബിജെപി നടത്തുന്ന ദുഷ്പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്ത്. ആരോപണങ്ങൾ അൻസാരി നിഷേധിച്ചിട്ടും ഭരണകക്ഷിയായ ബിജെപി അദ്ദേഹത്തിനി നേരെയുള്ള വേട്ടയാടൽ തുടരുകയാണെന്നും ഇത് അപലപനീയമാണെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും പൊതു സംവാദത്തെ അപകീർത്തിപ്പെടുത്തുകയും നുണകൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന തലങ്ങൾ അമ്പരപ്പിക്കുന്നതാണ്. ഇത് മനസ്സിന്റെ അസുഖത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ജയറാം രമേശ് പറഞ്ഞു.
യുപിഎ ഭരണകാലത്ത് ഉപരാഷ്ട്രപതിയായിരുന്ന ഹാമിദ് അൻസാരിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയ പാകിസ്താൻ മാധ്യമപ്രവർത്തകനായ നുസ്റത്ത് മിർസ ഇന്ത്യയിൽനിന്നുള്ള രഹസ്യവിവരങ്ങൾ പാക് ചാരസംഘടനയായ ഐഎസ്ഐക്ക് കൈമാറിയെന്ന് അവകാശപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വിഷയത്തിൽ കോൺഗ്രസും ഹാമിദ് അൻസാരിയും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടിരുന്നു
ആരോപണങ്ങൾക്ക് നേരെ രൂക്ഷമായാണ് ഹാമിദ് അൻസാരി പ്രതികരിച്ചത്. വ്യജവിവരങ്ങളുടെ ആവർത്തനമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിൽ അംബാസഡർ ആയിരിക്കെ ദേശതാൽപര്യം പണയംവെച്ചെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. സർക്കാറിന്റെ ഉപദേശം പരിഗണിച്ചാണ് ഉപരാഷ്ട്രപതി വിദേശ പ്രതിനിധികളെ ക്ഷണിക്കുന്നതെന്നും ഇത് നടപ്പാക്കുന്നത് വിദേശകാര്യ മന്ത്രാലയം വഴിയാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരം പരിപാടികൾക്കെത്തുന്ന ആളുകളുമായി നേരിട്ടു ബന്ധം സൂക്ഷിക്കുന്ന പതിവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും മൗനം പാലിക്കുന്നത് അവർ ഈ പാപം ഏൽക്കുന്നതിന്റെ സൂചനയാണെന്ന് ഗൗരവ് ഭാട്ടിയ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജയറാം രമേശ് ഹാമിദ് അൻസാരിയെ പിന്തുണച്ച് പാർട്ടി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
Content Highlight: Hamid Ansari, Congress, BJP