വൈദ്യുതി ലൈനിൽ വീണ മരം നീക്കാനെത്തിയ ഓവർസീയർക്കു മർദനം
കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലും കാറ്റിലും വൈദ്യുതി ലൈനിലേക്കു വീണ മരം നീക്കാനെത്തിയ കെഎസ്ഇബി ഓവർസീയറെ ഒരു സംഘംമർദിച്ചതായി പരാതി. ഇന്നലെ ഉച്ചയോടെ ഒലവക്കോട് നഞ്ചപ്പ പാതിരി നഗറിലാണു സംഭവം. ശരീരത്തിലും മുഖത്തും പരുക്കേറ്റ കണ്ണദാസനെ (51) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മർദിച്ചെന്നു കാണിച്ചു കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ ഹേമാംബിക നഗർ പൊലീസിൽ നൽകിയ പരാതിയിൽ ഒലവക്കോട് സ്വദേശി ടി.കെവിനെതിരെ കേസെടുത്തട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലും കാറ്റിലും പ്രദേശത്തെ പറമ്പിലെ കമുക് വൈദ്യുതി പോസ്റ്റിനു മുകളിൽ വീണപ്പോൾ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. ഇതു മാറ്റാനാണ് ഒലവക്കോട് വൈദ്യുതി സെക്ഷനിലെ ഓവർസീയർ കണ്ണദാസൻ എത്തിയത്. എന്നാൽ, കമുകു മാറ്റുമ്പോൾ തന്റെ മതിൽ തകരരുതെന്ന ആവശ്യവുമായി എതിർവശത്തെ ഭൂമിയുടെ ഉടമയെത്തി. ഇതുമായി ബന്ധപ്പെട്ടു തർക്കമുണ്ടായതോടെ കണ്ണദാസൻ മറ്റൊരു സ്ഥലത്തെ വൈദ്യുതിപ്രശ്നം പരിഹരിക്കാൻ പോയി. ഈ സമയം കാറിൽ പിന്തുടർന്നെത്തിയ സംഘം മർദിച്ചെന്നാണു കണ്ണദാസൻ നൽകിയ പരാതി.
എന്നാൽ കണ്ണദാസ് രോഗിയായ തന്റെ പിതാവിനെ വീട്ടിൽ കയറി മർദിച്ചെന്നും ഇതു ചോദ്യം ചെയ്തപ്പോൾ തന്നെയും മർദിച്ചെന്നു കാണിച്ച് കെവിനും പരാതി നൽകി. കണ്ണദാസനെതിരെയും പൊലീസ് കേസെടുത്തട്ടുണ്ട്.
Content Highlights: overseer, power line ,