പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റി; കൃഷ്ണ തേജ പുതിയ ആലപ്പുഴ കളക്ടര്‍
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. സപ്ലൈകോയില്‍ ജനറല്‍ മാനേജറായി പുതിയ നിയമനം. പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടറായിരുന്ന വി ആര് കൃഷ്ണ തേജ് പുതിയ ആലപ്പുഴ കളക്ടറാകും.
മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ ആലപ്പുഴയുടെ 54-ാം കളക്ടറായി നിയമിച്ചതില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സമ്മര്‍ദങ്ങള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്നാണ് നടപടി ഉണ്ടായത്.
ആലപ്പുഴ കളക്ട്രേറ്റിന് മുന്നില്‍ വരെ പ്രതിഷേധക്കാര്‍ എത്തിയിരുന്നു. പ്രതിപക്ഷത്തുള്ള നേതാക്കളടക്കം ശ്രീറാമിന്റെ നിയമനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന ആരോപണം ഉയര്‍ത്തിയിരുന്നു.
അധികാര ദുരുപയോഗം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്ത ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവുമായും പ്രതിഷേധങ്ങള്‍ നടന്നിരുന്നു. എറണാകുളം സ്വദേശിയായ ശ്രീറം വെങ്കിട്ടരാമന് 2013 ഐഎഎസ് ബാച്ചില്‍പെട്ടയാളാണ്. മുന്‍പ് എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിങ് ഡയറക്ടറായും, തിരുവല്ല, ദേവികുളം സബ് കളക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights – Sriram Venkataraman, Has been transferred from the post of Alappuzha District Collector