സീരിയൽ നടൻ റെയ്ജൻ വിവാഹിതനായി
സീരിയൽ നടനായ റെയ്ജൻ രാജൻ വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ ശിൽപ ജയരാജ് ആണ് വധു. തൃശൂരിലെ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം.
തൻ വിവാഹിതനായ വിവരം അറിയിച്ച് റെയ്ജൻ യൂട്യൂബിൽ വീഡിയോ പങ്കുവെച്ചിരുന്നു. “കല്യാണം കഴിഞ്ഞു. ഞങ്ങളുടെ ആഘോഷം തുടങ്ങുകയാണ്. ബാക്കിയുള്ള വിശേഷങ്ങൾ ഇതുപോലെ സർപ്രൈസായി വരും” – റെയ്ജൻ പറഞ്ഞു. വിവാഹിതനാകുന്ന വിവരം റെയ്ജൻ നേരത്തെ തന്നെ യൂട്യൂബിലൂടെ അറിയിച്ചിരുന്നു. എന്നാൽ വധു ആരാണെന്നോ വിവാഹ തിയതി എന്നാണെന്നോ വെളിപ്പെടുത്തിയിരുന്നില്ല. അതിനാൽ തന്നെ വിവാഹിതനായ വാർത്ത അപ്രതീക്ഷിതമായാണ് ആരാധകരെ തേടിയെത്തിയത്.
റെയ്ജന്റെ തുടക്കം മോഡലിങ്ങിലൂടെയാണ്. മകൾ എന്ന സീരിയലിലൂടെ മിനിസ്ക്രീനിലെത്തി. ഇതിനു ശേഷം ഒരിടവേള എടുത്ത് ആത്മസഖി എന്ന സീരിയലിലൂടെ വീണ്ടും തിരിച്ചെത്തി. ആത്മസഖി എന്ന സീരിയലിലെ സത്യജിത്ത് എന്ന ഐപിഎസ് കഥാപാത്രം റെയ്ജന് നിരവധി ആരാധകരെ സമ്മാനിച്ചു. പിന്നീട് ഇദ്ദേഹം നിരവധി സീരിയലുകളുടെയും ഷോകളുടെയും ഭാഗമായി. നിലവിൽ റെയ്ജൻ ഭാവന എന്ന സീരിയലിലാണ് അഭിനയിക്കുന്നത്.
Content highlights – serial actor , rayjan rajan, married