സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസ് ആക്രമണം; പ്രതികളായ രണ്ട് എബിവിപി പ്രവര്‍ത്തകര്‍ കീഴടങ്ങി
തിരുവനന്തപുരം സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി. എബിവിപി പ്രവര്‍ത്തകരായ സന്ദീപ്, സെഫിന് എന്നിവരാണ് കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഒരു പ്രതിക്കു വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്. ഹരിശങ്കര്‍, സതീര്ഥ്യന്, ലാല്‍ എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
ആക്രമിക്കാനെത്തുമ്പോള്‍ പ്രതികള്‍ ഉപയോഗിച്ച രണ്ടു ബൈക്കുകള്‍ പോലീസ് പിടിച്ചെടുത്തു. സതീര്‍ത്ഥ്യനും ഹരിശങ്കറുമാണ് ബൈക്കോടിച്ചത്. ലാല്‍ ആണ് ബൈക്കിന് പിന്നിലിരുന്ന് കല്ലെറിഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മേട്ടുക്കടയിലുള്ള സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം ഉണ്ടായത്. ജില്ലാ സെക്രട്ടറിയുടെ വാഹനത്തിന്റെ ചില്ലും കല്ലേറില്‍ തകര്‍ന്നു.
വഞ്ചിയൂരിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയായിരുന്നു സംഭവം. ശനിയാഴ്ച രാത്രി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിനു നേരെയും കല്ലേറുണ്ടായി. വാഹനത്തിലെത്തിയ ഒരു സംഘം വീടിനു നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പോര്‍ച്ചിലുണ്ടായിരുന്ന വാഹനത്തിനും കേടുപാടുകളുണ്ടായി.