നടി അമല പോളിന്റെ പരാതിയെ തുടർന്ന് മുന്‍ കാമുകന് ഭവ്നിന്ദര് സിങ് അറസ്റ്റിൽ
നടി അമല പോളിന്റെ പരാതിയിൽ മുന്‍ കാമുകന് ഭവ്നിന്ദര് സിങ് അറസ്റ്റിൽ. പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നും തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് നടി നൽകിയ പരാതിയിലാണ് ഗായകൻ കൂടിയായ ഭവ്നിന്ദറിനെ അറസ്റ്റ് ചെയ്തത്. സാമ്പത്തികമായും മാനസികമായും ജീവിതത്തിൽ ബുദ്ധിമുട്ട് ഉണ്ടായെന്നും നടി പരാതിയിൽ ആരോപിക്കുന്നു. 2020 നവംബറിൽ ഭവ്നിന്ദറിനെതിരെ ചെന്നൈ ഹൈക്കോടതിയിൽ നടി മാനനഷ്ടകേസ് ഫയൽ ചെയ്തിരുന്നു. 2018ല്‍ സ്വകാര്യമായി ഫോട്ടോഷൂട്ട് നടത്തിയ ചിത്രങ്ങൾ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിച്ചെന്നും മാനസിമായി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി. ഇതേതുടർന്ന് ഭവ്നിന്ദറിനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചെന്നും റിപ്പോർട്ടുണ്ട്.
അമല പോളും ഭവ്നിന്ദറും ചേർന്ന് സിനിമ ബിസിനസ്സുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം നടത്തിയിരുന്നു. ഫണ്ടുകളും സ്വത്തുക്കളും ദുരുപയോഗം ചെയ്തതിലൂടെ ഭവ്നിന്ദര് തന്നെ മാനസികവും സാമ്പത്തികവുമായി സമ്മർദ്ദത്തിലാക്കിയെന്ന് അമല പോൾ പറയുന്നു. ഫോട്ടോഷൂട്ടിനു വേണ്ടി എടുത്ത ചിത്രങ്ങൾ തന്റെ അനുമതിയില്ലാതെ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ബോധപൂർവം ശ്രമം നടത്തി എന്നും അമല പറയുന്നു.
2020 മാർച്ചിലാണ് ഇരുവരും പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിൽ നിൽക്കുന്ന ചിത്രം ഭവ്നിന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. അമല പോൾ വിവാഹിതയായെന്ന വാർത്ത പരന്നതോടെ അവ ഫോട്ടോഷൂട്ടിന് വേണ്ടി എടുത്തതാണെന്ന് നടി വ്യക്തമാക്കി. തൊട്ട് പിന്നാലെ ഭവ്നിന്ദർ അത് നീക്കം ചെയ്തു. ചിത്രങ്ങൾ നീക്കം ചെയ്തെങ്കിലും അമല പോളിന്റെ വിവാഹ ചിത്രമാണെന്ന് കരുതി നിരവധി പേരാണ് ഷെയർ ചെയ്തത്.
സംവിധായകൻ എ.എൽ. വിജയ്യെ നാലു വർഷത്തെ പ്രണയത്തിനു ശേഷം 2014 ൽ വിവാഹം കഴിച്ച അമല 2017ൽ വിവാഹമോചനം നേടുകയായിരുന്നു. അതിനു ശേഷമാണ് ഭവിന്ദറിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. കഡാവർ ആണ് അമല പോളിന്റേതായി അവസാനം റിലീസ് ചെയ്ത സിനിമ. ചിത്രം ഹോട്ട്സ്റ്റാറിലൂടെയാണ് പ്രദർശനത്തിനെത്തിയത്. മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫർ, പൃഥ്വിരാജ് ചിത്രം ആടുജീവിതം എന്നിവയാണ് അമലയുടെ പുതിയ പ്രോജക്ടുകൾ.
content highlights – actress amala paul, complaints