ആലുവ കൊലപാതകം; അഞ്ച് വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കും
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്കാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ ദിവസം വനിതാ ശിശുവികസന വകുപ്പിന്റെ അടിയന്തര ആശ്വാസ ധനസഹായമായ ഒരു ലക്ഷം രൂപയ്ക്ക് പുറമെയാണ് ഇപ്പോള്‍ 10 ലക്ഷം രൂപ കുടുംബത്തിന് അനുവദിച്ചിരിക്കുന്നത്.
അതേസമയം, പ്രതി അസ്ഫാക് ആലമിനെ അന്വേഷണസംഘം ഇന്ന് തെളിവെടുപ്പിനായി എത്തിക്കും. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷമാണ് തെളിവെടുപ്പ് നടത്തുന്നത്. പ്രതി കേരളത്തിലേക്ക് എന്ന് വന്നുവെന്നും മറ്റ് ക്രിമിനല്‍ കേസുകള്‍ ഉണ്ടോ എന്നും പരിശോധിക്കും. പ്രതിയുടെ പൗരത്വം സംബന്ധിച്ച് പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്. കസ്റ്റഡിയിലെ ചോദ്യംചെയ്യലിന് ശേഷമേ അന്വേഷണസംഘം ബീഹാറിലേക്ക് പോകൂ. ഡിഐജി എ ശ്രീനിവാസാണ് ഇക്കാര്യം അറിയിച്ചത്. പ്രതിയെ 10 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. വീണ്ടും സമര്‍പ്പിച്ച പുതിയ കസ്റ്റഡി അപേക്ഷ പോക്സോ കോടതി പരിഗണിക്കുകയായിരുന്നു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.