കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥ് നവകേരള സദസ്സില്‍; വന്നത് സി.പി.എം ജില്ലാ സെക്രട്ടറിയുടെ കാറില്‍
കോണ്‍ഗ്രസ് നേതാവും മുൻ ഡി.സി.സി അധ്യക്ഷനുമായ എ.വി. ഗോപിനാഥ് നവകേരള സദസ്സില്‍. സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ കാറിലാണ് നവകേരള സദസ്സിന്റെ വേദിയിലെത്തിയത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ കാണുമ്ബോള്‍ പാലക്കാട് ജില്ലയിലെ കാര്യങ്ങള്‍ അദ്ദേഹത്തെ അറിയിക്കാനാണ് നവകേരള സദസ്സില്‍ പങ്കെടുക്കുന്നതെന്ന് എ.വി. ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. നവകേരള സദസ്സ് ബഹിഷ്കരിക്കാൻ യു.ഡി.എഫ് ആണ് ആഹ്വാനം ചെയ്തതെന്നും താനല്ലെന്നും ഗോപിനാഥ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പരിപാടി പാലക്കാട് വൻ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനുമായി സൗഹൃദ സംഭാഷണം നടത്താറുണ്ട്. എന്നാല്‍, രാഷ്ട്രീയം സംസാരിക്കാറില്ല. താൻ ഉറച്ച കോണ്‍ഗ്രസുകാരനാണ്. കോണ്‍ഗ്രസില്‍ തുടരാനാണ് ആഗ്രഹം. നാളെ എന്താണെന്ന് പ്രവചിക്കാൻ സാധിക്കില്ല. തന്റെ രാഷ്ട്രീയ നിലപാട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ വ്യക്തമാക്കുമെന്ന് ഗോപിനാഥ് വ്യക്തമാക്കി.